മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ സജീവ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ സാം അടൂരിന്റെ നിര്യാണത്തില്‍ കേരളീയ സമാജം അനുശോചനം രേഖപ്പെടുത്തി. കോവിഡ് ദുരന്തകാലത്ത് ഭക്ഷണ വിതരണമടക്കമുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സാം അടുര്‍ സ്വയം സമര്‍പ്പിതനായ പൊതുപ്രവര്‍ത്തകനായിരുന്നു. സാമ്പത്തികമായി ഭദ്രമല്ലാത്ത സാം അടൂരിന്റെ കുടുംബത്തിന് സമാജം വെല്‍ഫയര്‍ ഫണ്ടില്‍ നിന്ന് ഉടന്‍ തന്നെ പത്ത് ലക്ഷം രൂപ അനുവദിക്കുമെന്നും, കൂടുതല്‍ തുക സമാഹരിക്കാനുള്ള ശ്രമങ്ങളില്‍ ബഹ്‌റൈനിലെ ഇതര സംഘടനകളും വ്യക്തികളും സാമിന്റെ സുഹൃത്തുക്കളും മുന്നോട്ട് വരണമെന്നും സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു.
ഒറ്റയാള്‍ പട്ടാളമെന്ന പോലെ സാമൂഹിക രംഗത്ത് സജീവ ഇടപെടലുകള്‍ നടത്തുകയും, സമാജം പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യമായി കൂടെ നില്‍ക്കുകയും ചെയ്ത നല്ല ഒരു സുഹൃത്തിനെയും ആണ് നഷ്ടപ്പെട്ടതെന്ന് സമാജം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ അനുസ്മരിച്ചു. തന്റെ ബഹ്‌റൈന്‍ ജീവിതകാലത്ത് അടുത്തറിയാവുന്ന സാം അടൂര്‍ ഒരു നിശബ്ദ സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു എന്ന് സമാജം സാഹിത്യ വേദി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തില്‍ എഴുത്തുകാരന്‍ ബെന്യമിന്‍ അനുസ്മരിച്ചു.
സാമൂഹ്യ അകലം പാലിക്കേണ്ടി വരുന്ന, സന്ദര്‍ശനങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന കോവിഡ് രോഗകാലത്തെ മരണങ്ങള്‍ കൂടുതല്‍ വേദനാജനകമാണെന്ന് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര അഭിപ്രായപ്പെട്ടു.