ജൂലൈ 21 മുതൽ ഒക്ടോബർ 21 വരെയാണ് നീട്ടിയത്
മനാമ: ബഹ്റൈനിൽ സാധുവായതും കാലാവധി കഴിഞ്ഞതുമായ എല്ലാ സന്ദർശക വിസകളുടെയും കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതായി നാഷണാലിറ്റി, പാസ്പോർട്ട്സ് ആൻറ് റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) അറിയിച്ചു. ജൂലൈ 21 മുതൽ ഒക്ടോബർ 21 വരെയാണ് ഇതിന് പ്രാബല്യം. ഒക്ടോബർ 21ന് ശേഷവും ബഹ്റൈനിൽ തങ്ങാൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക് ഇ-വിസ പോർട്ടൽ വഴി വിസ പുതുക്കുന്നതിന് അപേക്ഷിക്കാം. കോവിഡ് രോഗ വ്യാപനത്തിെൻറ പശ്ചാത്തലത്തിലാണ് നടപടി. എല്ലാ സന്ദർശക വിസകളും അപേക്ഷ കൂടാതെ തന്നെ പുതുക്കപ്പെടുന്നതാണ്.
കോവിഡ് സാഹചര്യത്തിൽ ഏപ്രിൽ മാസം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ജൂലൈ 21 വരെയായിരുന്നു നീട്ടിയിരുന്നത്. ഇത് പ്രകാരം സന്ദർശക വിസയിലുള്ളവർ ഈ തീയതിക്ക് മുൻപ് മടങ്ങണമായിരുന്നു. വേണ്ടത്ര വിമാന സർവീസുകളില്ലാത്തതിനാൽ മടങ്ങുന്ന കാര്യത്തിൽ പ്രതിസന്ധിയിലായ നിരവധി പേർക്ക് ആശ്വാസം പകരുന്നതാണ് എൻ പി ആർ എ യുടെ പുതിയ വാർത്ത. ഇത് പ്രകാരം മറ്റൊരു ഫോർമാലിറ്റികളും ഇല്ലാതെ തന്നെ വിസിറ്റ് വിസയിലെത്തിയ എല്ലാവർക്കും ഒക്ടോബർ 21 വരെ ലീഗലായി തന്നെ രാജ്യത്ത് തുടരാൻ സാധിക്കും.