ഇന്ത്യന്‍ സ്‌കൂളിനു പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ എട്ടു ഐലന്‍ഡ് ടോപ്പര്‍ സ്ഥാനങ്ങള്‍ ലഭിച്ചു

INDIAN SCHOOL-min

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ ഇക്കഴിഞ്ഞ പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകളില്‍ മൊത്തം 12ല്‍ 8 ഐലന്‍ഡ് ടോപ്പര്‍ സ്ഥാനങ്ങള്‍ നേടി. ബഹ്‌റൈനിലെ സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നായി ഒന്നും രണ്ടും ഐലന്‍ഡ് ടോപ്പര്‍ അവാര്‍ഡുകളും സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് സ്ട്രീമുകളില്‍ നിന്നുള്ള രണ്ട് അവാര്‍ഡുകള്‍ വീതവും ഇന്ത്യന്‍ സ്‌കൂള്‍ കരസ്ഥമാക്കി.

98 ശതമാനം മാര്‍ക്കോടെ (490/500) ഇന്ത്യന്‍ സ്‌കൂള്‍ ടോപ്പറായ റീലു റെജിയാണ് ഈ വര്‍ഷം ഐലന്‍ഡ് ടോപ്പറായി തിരഞ്ഞെടുക്കപ്പെട്ടത്. 97.8 ശതമാനം (489/500) നേടിയ കെയൂര്‍ ഗണേഷ് ചൗധരിക്ക് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചു. ബഹ്‌റൈനിലെ സയന്‍സ് സ്ട്രീമിലെ ടോപ്പര്‍ കൂടിയാണ് റീലു റെജി. ഈ സ്ട്രീമില്‍ കെയൂര്‍ ഗണേഷ് ചൗധരി രണ്ടാം സ്ഥാനത്തെത്തി. ദേശീയ തലത്തിലുള്ള ഈ നേട്ടങ്ങള്‍ക്ക് പുറമേ കെമിസ്ട്രി (100), ബയോടെക്‌നോളജി (99) എന്നി വിഷയങ്ങളില്‍ റീലു റെജിയും ഫിസിക്‌സ് (100), കമ്പ്യൂട്ടര്‍ സയന്‍സ് (99) എന്നിവയില്‍ കെയൂര്‍ ഗണേഷും സ്‌കൂളില്‍ സബ്ജക്റ്റ് ടോപ്പര്‍മാരാണ്.

97.2 ശതമാനം (486/500) നേടി കൊമേഴ്സ് സ്ട്രീമില്‍ സ്‌കൂളില്‍ ടോപ്പറായ നന്ദിനി രാജേഷ് നായര്‍ ബഹ്‌റൈനിലെ ഈ സ്ട്രീമില്‍ രണ്ടാമതെത്തി. 96.6 ശതമാനം നേടിയ (483/500) ഷെറീന്‍ സൂസന്‍ സന്തോഷ് ദ്വീപില്‍ മൂന്നാം സ്ഥാനത്തെത്തി. ദേശീയ തലത്തിലെ ഈ നേട്ടങ്ങള്‍ക്ക് പുറമേ, സാമ്പത്തിക ശാസ്ത്രത്തിലും (100) ബിസിനസ് സ്റ്റഡീസിലും (98) സ്‌കൂള്‍ ടോപ്പറാണ് നന്ദിനി.

97.2 ശതമാനം മാര്‍ക്കോടെ (486/500) ഹ്യുമാനിറ്റീസ് സ്ട്രീമില്‍ സ്‌കൂളില്‍ ഒന്നാമതെത്തിയ അര്‍ച്ചിഷ മരിയോ ബഹ്‌റൈനില്‍ ഈ സ്ട്രീമിലെ രണ്ടാം സ്ഥാനം നേടി. 96.6 ശതമാനം നേടിയ (483/500) അഞ്ജ്ന സുരേഷ് ഈ സ്ട്രീമില്‍ ദ്വീപിലെ മൂന്നാം സ്ഥാനം നേടി. പന്ത്രണ്ടാം ക്ലാസില്‍ ഇന്ത്യന്‍ സ്‌കൂളില്‍ ആദ്യമായി ഇംഗ്ലീഷില്‍ മുഴുവന്‍ മാര്‍ക്കും നേടിയെന്ന അപൂര്‍വ നേട്ടത്തിനു അര്‍ച്ചിഷ മരിയോ ഉടമയായി. സ്‌കൂളില്‍ ഹോം സയന്‍സ് (98), സോഷ്യോളജി (98) എന്നി വിഷയങ്ങളില്‍ ടോപ്പറാണ് അര്‍ച്ചിഷ. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷ എഴുതിയ 675 വിദ്യാര്‍ത്ഥികളില്‍ 65.9 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് ഡിസ്റ്റിഗ്ഷനും 92.7 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം ക്ലാസും ലഭിച്ചു.

പത്താം ക്ലാസ് പരീക്ഷയില്‍ രണ്ടാം ഐലന്‍ഡ് ടോപ്പര്‍ സ്ഥാനം

പത്താം ക്ലാസിലും ഇന്ത്യന്‍ സ്‌കൂള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 500 ല്‍ 493 മാര്‍ക്കോടെ 98.6% നേടിയ സ്‌കൂള്‍ ടോപ്പര്‍ നന്ദന ശുഭ വിനുകുമാര്‍ ദ്വീപില്‍ രണ്ടാം സ്ഥാനത്തിനു അര്‍ഹയായി. ഇന്ത്യന്‍ സ്‌കൂളിന്റെ ചരിത്രത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി നേടുന്ന ഏറ്റവും ഉയര്‍ന്ന മാര്‍ക്കാണിത്. ആകെ 776 വിദ്യാര്‍ത്ഥികളാണ് പത്താം ക്ലാസില്‍ പരീക്ഷയെഴുതിയത്. എല്ലാ വിഷയങ്ങളിലും കൃത്യം 100 വിദ്യാര്‍ത്ഥികള്‍ ‘എ’ ഗ്രേഡ് നേടി. 172 കുട്ടികള്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടി.

ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ വിദ്യാര്‍ത്ഥികളുടെ മികച്ച പ്രകടനത്തെയും അധ്യാപകരുടെ ആത്മാര്‍ത്ഥമായ പരിശ്രമത്തെയും മാതാപിതാക്കളുടെ പിന്തുണയെയും അഭിനന്ദിച്ചു. വിദ്യാര്‍ത്ഥികളുടെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച സ്‌കൂള്‍ സെക്രട്ടറി സജി ആന്റണി ഉയര്‍ന്ന അക്കാദമിക നിലവാരം പുലര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സ്‌ക്കൂള്‍ അധ്യാപകര്‍ക്ക് നന്ദി പറഞ്ഞു.
സ്‌കൂള്‍ നേതൃത്വത്തിന്റെ മാര്‍ഗ നിര്‍ദേശപ്രകാരം അക്കാദമിക കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്തു നടപ്പിലാക്കിയതിന്റെ ഫലമാണ് ഈ നേട്ടമെന്ന് അക്കാദമിക ചുമതലയുള്ള ഇസി അംഗം മുഹമ്മദ് ഖുര്‍ഷീദ് ആലം പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനത്തിനും അധ്യാപകരുടെ പ്രതിബദ്ധതയ്ക്കും അര്‍പ്പണബോധത്തിനും മാതാപിതാക്കളുടെ സഹകരണത്തിനും പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!