മനാമ: നാട്ടില്‍ കുടുങ്ങിയ പ്രവാസികളെ തിരികെയെത്തിക്കാനുള്ള ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ശ്രമം പുരോഗമിക്കുന്നു. നാട്ടില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ബഹ്‌റൈനില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ബഹ്റൈന്‍ സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അനുമതി ആവശ്യമുള്ളതുകൊണ്ടാണ് കൂടുതല്‍ സമയമെടുക്കുന്നതെന്നും സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജന. സെക്രട്ടറി വര്‍ഗിസ് കാരക്കല്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം സമാജത്തിന്റെ രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇന്ന് പ്രവാസികളുമായി ബഹ്‌റൈനില്‍ നിന്ന് പുറപ്പെടും. ഈ രണ്ട് വിമാനങ്ങള്‍ ഉള്‍പ്പെടെ 18 വിമാനങ്ങളാണ് സമാജം ഇതുവരെ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ഹൈന്ദ്രബാദ് അടക്കം വിവിധ സ്ഥലങ്ങളിലേക്കുള്ള സമാജം ചാര്‍ട്ടേഡ് വിമാന സര്‍വ്വിസിലെ പതിനേഴും പതിനെട്ടാമത്തെയും വിമാനങ്ങളില്‍ ഇരുന്നുറിലധികം യാത്രക്കാര്‍ സമാജം പ്രഖ്യാപിച്ച സൗജന്യ വിമാനയാത്ര പ്രയോജനപ്പെടുത്തിയ യാത്രക്കാരാണെന്നും എകദേശം 350ലധികം യാത്രക്കാര്‍ക്ക് ഭാഗികമായോ പൂര്‍ണ്ണമായോ സൗജന്യ യാത്രാ പദ്ധതിയുടെ ഗുണം ലഭിച്ചതായും സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു.
ബഹ്റൈനിലെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന, തൊഴില്‍ നഷ്ടമടക്കം നേരിടുന്ന, ഗള്‍ഫ് ജീവിതം പ്രതിസന്ധിയിലായിപ്പോയ മനുഷ്യരെ സഹായിക്കാന്‍ ടിക്കറ്റുകള്‍ സംഭാവന ചെയ്ത് മുന്നോട്ടു വന്ന മുഴുവന്‍ മനുഷ്യരെയും നന്ദിയോടെ ഓര്‍ക്കുന്നതായി പി.വി. രാധാകൃഷ്ണണപിള്ളക്കുട്ടി വ്യക്തമാക്കി.