ന്യൂഡല്‍ഹി: ഇന്ത്യ നിര്‍മ്മിച്ച കോവിഡ് പ്രതിരോധ വാക്‌സിന്‍(കൊവാക്‌സിന്‍) മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു. ഡല്‍ഹിയിലെ എയിംസ് ഡയറക്ടറായ ഡോക്ടര്‍ രണ്‍ദീപ് ഗലേറിയ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. നിലവില്‍ റഷ്യ, യു.കെ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ കൊവാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചിട്ടുണ്ട്. നൂറ് ശതമാനം വിജയ സാധ്യതയില്ലെങ്കിലും വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നത് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതാണ്.
ഇന്ത്യ ആദ്യഘട്ടത്തില്‍ 375 വളണ്ടിയര്‍മാരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. പിന്നീട് സാധ്യതകള്‍ പരിശോധിച്ച് കൂടുതല്‍ പേരില്‍ പരീക്ഷിക്കും. 18നും 55 നും ഇടയില്‍ പ്രായമുള്ള വ്യക്തികളെയാണ് ആദ്യ ഘട്ട പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 12നും 65 നും ഇടയില്‍ പ്രായമുള്ള 750 വ്യക്തികളിലാണ് പരീക്ഷണം നടത്തുക. രണ്ട് ഘട്ടങ്ങളും വിജയിച്ചാല്‍ വലിയ നമ്പറിലേക്ക് പരീക്ഷണം വ്യാപിപ്പിക്കാനാവും തീരുമാനം.
ഇതുവരെ 1800 പേരാണ് വാക്‌സിന്‍ പരീക്ഷണത്തിന് തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. ഇതില്‍ 1125 പേരില്‍ വാക്‌സിന്‍ പരീക്ഷണം നടത്തുമെന്നും എയിംസ് അറിയിച്ചു. കൊവാക്‌സിന്‍ പൂര്‍ണമായും എപ്പോള്‍ സജ്ജമാകുമെന്ന് നിലവില്‍ പറയാന്‍ കഴിയല്ല. വൈറസിനെക്കുറിച്ച് ഓരോ ദിവസവും കൂടുതല്‍ പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും ഡോക്ടര്‍ രണ്‍ദീപ് ഗലേറിയ വ്യക്തമാക്കുന്നു.