ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം അതീവ ഗുരുതരാവസ്ഥയിലേക്ക്. രോഗികളുടെ എണ്ണം 12 ലക്ഷം കടന്നു. പ്രതിദിന രോഗബാധിതരുടെയും കോവിഡ് മരണ നിരക്കിലും വലിയ വര്‍ധനവാണ് രാജ്യത്ത് ഉണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 45,720 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 12,38,635 ആയി ഉയര്‍ന്നു. 1129 പേര്‍ കൂടി കോവിഡ് ബാധിച്ച് ഇന്നലെ മരണപ്പെട്ടു. ഇതോടെ ആകെ മരണ സംഖ്യ 29,861 ആയി. ഇതാദ്യമായാണ് ഇന്ത്യയില്‍ പ്രതിദിന മരണനിരക്ക് 1000 കടക്കുന്നത്. കൂടാതെ 7,82,607 പേര്‍ രാജ്യത്ത് കോവിഡില്‍ നിന്നും മുക്തി നേടി. 63.18 ഇപ്പോള്‍ ഇന്ത്യയിലെ രോഗമുക്തി നിരക്ക്. 4,26,167 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 3,50,823 സാംപിളുകള്‍ പരിശോധിച്ചു.
മഹാരാഷ്ട്ര, ആന്ധപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. മഹാരാഷ്ട്രയില്‍ പതിനായിരവും ആന്ധ്രപ്രദേശില്‍ ആറായിരവും തമിഴ്നാട്ടില്‍ അയ്യായിരവും പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ മഹാരാഷ്ട്ര, ആന്ധപ്രദേശ്, തമിഴ്നാട്, കര്‍ണ്ണാടക, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിലെ ഏറ്റവും ഉയര്‍ന്ന മരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്തത്.
കര്‍ണ്ണാടകയില്‍ ആകെ രോഗികളുടെ എണ്ണം എഴുപത്തിഅയ്യായിരം കടന്നു. രണ്ടായിരത്തിലേറെ കേസുകളാണ് ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ ഇന്നലെ കേരളത്തോടൊപ്പം ഒഡീഷയിലും പ്രതിദിന രോഗികബാധിതരുടെ എണ്ണം ആയിരം കടന്നു. ഇത്തരത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും രാജ്യത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ല എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.
അതേസമയം കേരളത്തില്‍ ഇന്നലെ (ജൂലൈ 22) 1038 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 120 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 43 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.