ന്യൂഡല്‍ഹി: ഇന്ത്യയില്‍ രോഗികളുടെ എണ്ണത്തില്‍ ദിനംപ്രതി വന്‍ വര്‍ധനവ്. കോവിഡ് ബാധിതരുടെ എണ്ണം നിലവില്‍ 14 ലക്ഷം കടന്നു. ഇന്നലെ 49,931 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ 14,35,453 ആയി ആകെ രോഗബാധ നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 708 പേരാണ് മരണപ്പെട്ടത്. ഇതോടെ 32771 ആയി മരണ നിരക്ക് ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 485114 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 63.92 ശതമാനമായി നിലവില്‍ രോഗമുക്തി നിരക്ക് വര്‍ദ്ധിച്ചു. കൂടാതെ 5,15,472 സാംപിളുകള്‍ ഇന്നലെ പരിശോധനക്ക് വിധേയമാക്കി എന്ന് ഐസിഎംആര്‍ ആറിയിച്ചു. 1,68,06,803 കോവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.
രോഗമുക്തി നിരക്കില്‍ വര്‍ധനവുണ്ടെങ്കിലും പ്രതിദിന രോഗബാധ വര്‍ധനവ് രാജ്യത്തെ ആശങ്കയിലാക്കുന്നുണ്ട്. ഇന്നലെ മാത്രം ഹോട്ട്സ്പോട്ടായ മഹാരാഷ്ട്രയില്‍ 9,431 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 3,75,799 ആയി സംസ്ഥാനത്തെ രോഗികളുടെ എണ്ണം. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ പ്രതിദിന രോഗബാധ 7000ത്തിന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്ത്. ഉത്തര്‍പ്രദേശില്‍ പ്രതിദിന രോഗബാധ 3000 കടന്നു. ബിഹാര്‍, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. 24 മണിക്കൂറില്‍ രണ്ടായിരത്തിനും മൂവായിരത്തിനും ഇടയിലാണ് രോഗബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ പരിശോധനകള്‍ കൂട്ടുന്നതിന് രാജ്യത്ത് മൂന്ന് ഐസിഎംആര്‍ ലാബുകള്‍ കൂടി ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നോയിഡ, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് പരിശോധന ലാബുകള്‍ നിലവില്‍ വരുന്നത്. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിക്കും.
അതേസമയം കേരളത്തില്‍ ഇന്നലെ (ജൂലൈ 26) 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നിലവില്‍ 63 പേരാണ് സംസ്ഥാനത്ത് കോവിഡ് മൂലം മരണപ്പെട്ടത്.