മനാമ: ബഹ്‌റൈനില്‍ മറ്റൊരു മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. കണ്ണൂര്‍ ധർമ്മടം സ്വദേശി എടക്കാട് കുന്നത്തുപള്ളിക്ക് സമീപം അബ്ദുല്‍ റഹീമാണ് മരിച്ചത്. 55 വയസായിരുന്നു. ജൂലൈ 31നാണ് ആരോഗ്യ മന്ത്രാലയം മരണം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടത്തെ പ്രധാന മുസ്ലിം ലീഗ് നേതാവും മുന്‍ പഞ്ചായത്ത് മെമ്പറുമായ പരേതനായ വി. അസ്സൂട്ടിയുടെയും വേലിക്കൊത്ത് മറിയുമ്മയുടെയും മകനാണ്.
മയ്യിത്ത് ഇന്നലെ മുഹറഖ് കാനു മസ്ജിദില്‍ ഖബറടക്കി. മയ്യിത്ത് നമസ്‌കാരത്തിന് ബ്ദുള്‍ റസാഖ് നദ് വി നേതൃത്വം നല്‍കി. പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എം.സി.സി.നേതാക്കളായ കരീംകള മുള്ളതില്‍, നൂറുദ്ദീന്‍ മുണ്ടേരി, ലത്തീഫ് കണ്ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് മരണപ്പെടുന്ന ആറാമത്തെ മലയാളിയാണ് ഇദ്ദേഹം. ഭാര്യ: ഫൗസിയ. മക്കള്‍: റഫ്സി, ശഹ്സ, റിസ്വാന്‍. സഹോദരങ്ങള്‍: ഷാഹിദ, റസിയ, മുസ്തഫ (ബഹ്‌റൈന്‍). ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 147 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. 37840 പേര്‍ രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 2995 പേരാണ് ചികിത്സയിലുള്ളത്.