ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 52,972 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 18,05,838 ആയി ആകെ രോഗികളുടെ എണ്ണം. 770 പേരാണ് ഇന്നലെ മാത്രം മരണപ്പെട്ടത്. 38,176 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ ജീവന്‍ നഷ്ടമായത്. അതേസമയം 11,88,389 പേര്‍ രോഗമുക്തി നേടി. 5,79,273 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ഒരാഷ്ച്ചയായി 50000 മുകളില്‍ പ്രതിദിന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് തുടര്‍ന്നാല്‍ ഇന്ത്യ രോഗികളുടെ എണ്ണത്തില്‍ ബ്രസീലിനെ മറികടക്കാന്‍ സാധ്യതയുണ്ട്.
രാജ്യത്തെ പ്രധാന ഹോട്ട്സ്പോട്ടുകളായ മഹാരാഷ്ട്രയില്‍ ഒമ്പതിനായിരത്തിനും ആന്ധ്രപ്രദേശില്‍ എണ്ണായിരത്തിനും മുകളിലാണ് 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. അയ്യായിരത്തിലേറെ ആളുകള്‍ക്കാണ് കര്‍ണ്ണാടകത്തിലും തമിഴ്നാട്ടിലും രോഗം സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാളില്‍ ആകെ രോഗബാധിതര്‍ എഴുപത്തിയയ്യായിരം കടന്നു. ഉത്തര്‍പ്രദേശിലും സ്ഥിതി ഗുരുതരമാണ്. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം കേരളത്തില്‍ ഇന്നലെ 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 377 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 38 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.