മനാമ: ബെയ്‌റൂട്ട് സ്‌ഫോടനത്തിന്റെ നടുക്കം മാറാതെ ബഹ്‌റൈനിലെ ലെബനീസ് സമൂഹം. ലെബനന്‍ തലസ്ഥാന നഗരിയെ വിറപ്പിച്ച സ്‌ഫോടനത്തിന്‍ 135 പേരെങ്കിലും മരിച്ചതായിട്ടാണ് സൂചന. സ്‌ഫോടനം നടന്ന ബെയ്‌റൂട്ടിലെ സമീപ പ്രദേശങ്ങളില്‍ നിന്ന് നിരവധി പേര്‍ ബഹ്‌റൈനില്‍ തൊഴിലെടുക്കുന്നുണ്ട്. ജന്മനാടിനെ നടുക്കിയ ദുരന്തത്തിന്റെ വ്യാപ്തി പോലും കൃത്യമായി അറിയാന്‍ ഇവര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നതാണ് സത്യം.
ആശുപത്രികള്‍, സ്‌കൂളുകള്‍, വ്യാപാര സ്ഥാനങ്ങള്‍ തുടങ്ങി ആയിരക്കണക്കിന് കെട്ടിടങ്ങളും വീടുകളുമാണ് സ്‌ഫോടനത്തില്‍ തകര്‍ന്നിരിക്കുന്നത്. 5000ത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലെടുക്കുന്ന ലെബനീസ് പൗരന്മാര്‍ സ്‌ഫോടനത്തിന്റെ ഞെട്ടലിലാണ്.
ലെബനീസ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നേരത്തെ ബഹ്‌റൈന്‍ രംഗത്ത് വന്നിരുന്നു. ഒമാന്‍ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുണ്ട്. സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖത്തോടൊപ്പം പങ്കുചേരുന്നുവെന്നും പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടന്ന് ആശുപത്രി വിടാന്‍ സാധിക്കട്ടെയെന്നും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ആഗസ്റ്റ് 5 ഉച്ചയ്ക്കാണ് ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിനെ തകര്‍ത്തെറിഞ്ഞു കൊണ്ട് ഉഗ്ര സ്ഫോടനമുണ്ടാവുന്നത്. ഏതാണ്ട് 250 കിലോമീറ്റര്‍ അകലെ വരെ സ്ഫോടനത്തിന്റെ ശബ്ദം കേള്‍ക്കാമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 2750 ടണ്‍ നൈട്രേറ്റാണ് സ്ഫോടനത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് സൂചന. എന്നാല്‍ തീവ്രവാദ ആക്രമണമാണോയെന്ന് വ്യക്തമല്ല. കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.