കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മൊറട്ടോറിയം നീട്ടുന്നകാര്യം പരിഗണിക്കുന്നില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി.അതേസമയം, സാമ്പത്തിക പ്രതിസന്ധിയിലായതിനെതുടര്‍ന്ന് തിരിച്ചടവിന് പ്രയാസംനേരിടുന്നവര്‍ക്ക് വായ്പ പുനക്രമീകരിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി. ശമ്പളം കുറച്ചതുമൂലമോ പണലഭ്യതക്കുറവുമൂലമോ പ്രതിസന്ധിയിലായവര്‍ക്ക് പ്രതിമാസ തിരിച്ചടവുതുക കുറച്ച് കാലാവധികൂട്ടാന്‍ ബാങ്കുകള്‍ അനുമതി നല്‍കുകയാണ് ചെയ്യുക.
2020 മാര്‍ച്ച് ഒന്നുവരെ വായ്പ കൃത്യമായി അടച്ചവര്‍ക്കുമാത്രമെ ഇത്തരത്തില്‍ പുനക്രമീകരിക്കാൻ സാധിക്കൂ
പുനക്രമീകരിക്കുന്നതിലൂടെ ക്രമപ്രകാരമുള്ള(സ്റ്റാന്‍ഡേഡ്)വായ്പയായി പരിഗണിക്കുകയാണ് ചെയ്യുക.അതായ്ത് വായ്പയെടുത്തയാള്‍ പുതിയരീതിയിലുള്ള തിരിച്ചടയ്ക്കല്‍ ഘടന തുടര്‍ന്നാല്‍ നേരത്തെ ബാധ്യതവരുത്തിയകാര്യം ക്രഡിറ്റ് റേറ്റിങ് ഏജന്‍സികളെ അറിയിക്കില്ല.
കോര്‍പ്പറേറ്റ്, വ്യക്തിഗത വായ്പകള്‍ക്കും ഇത് ബാധകമാണ്. ഉപഭോക്തൃ വായ്പ, വിദ്യാഭ്യാസ ലോണ്‍, പണയ വായ്പ, ഭവന വായ്പ എന്നിവയെക്കെല്ലാം ഇത് ബാധകമാണെന്ന് പണവായ്പ നയ അവലോകന യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.