മനാമ: ബഹ്‌റൈന്‍ ഏഷ്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി മാസ്റ്റര്‍ ഗൗതം മഹേഷ് സംഗീതം നല്‍കി ആലപിച്ച ‘ചിന്മയം’ അയ്യപ്പസംഗീത ആല്‍ബം ഉടന്‍ പുറത്തിറങ്ങും. മലയാള മാസം ചിങ്ങം ഒന്നിനാണ് ആല്‍ബം പുറത്തിറങ്ങുക. സ്വാമിഅയ്യപ്പന്‍ നടന്‍ മാസ്റ്റര്‍ ലെസ്വിന്‍ തമ്പുവാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. മനു മോഹന്റേതാണ് വരികള്‍. പ്രൊഡക്ഷന്‍ അയ്മനത്തപ്പന്‍ ക്രിയേഷന്‍. ബ്രിജേഷ് മുരളീധരനാണ് ദൃശ്യ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തലം, സ്റ്റുഡിയോ ഷിബിന്‍ പി സിദ്ധിഖ്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബഹറൈനിലെ കലാരംഗത്ത് സജീവമാണ് ഗൗതം. ഏഴാം വയസ്സില്‍ പ്രിയ കൃഷ്ണമൂര്‍ത്തിയുടെ കീഴില്‍ സംഗീത പഠനത്തിനു തുടക്കമിട്ടു. പിന്നീട് സുമ ഉണ്ണികൃഷ്ണന്റെ കീഴിലും ഇപ്പോള്‍ ശശി പുളിക്കശ്ശേരി, വീരമണി എന്നിവരുടെ ശിക്ഷണത്തില്‍ സംഗീത പഠനം തുടര്‍ന്നു വരുന്നു. സോപാനം വാദ്യ കലാസംഘത്തില്‍ സന്തോഷ് കൈലാസിന്റെ ശിക്ഷണത്തില്‍ പഞ്ചാരിമേളം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ചു.
സേതുമാധവന്റെ കീഴില്‍ തബല, കീബോര്‍ഡ് എന്നിവയില്‍ വിദ്യ അഭ്യസിച്ചു വരുന്നു. ബഹറൈനിലെ നിരവധി വേദികളില്‍ തന്റെ കലാപ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. ഗോകുലോത്സവം, കെ.സി.എ, കേരള സമാജം, ഇന്ത്യന്‍ ക്ലബ് എന്നീ കലോത്സവത്തില്‍ പങ്കെടുത്ത് വിവിധ സമ്മാനങ്ങള്‍ വാങ്ങിയിട്ടുണ്ട്. അടുത്തുതന്നെ റിലീസാവുന്ന 3 വീഡിയോ ആല്‍ബങ്ങള്‍ക്ക് സംഗീതവും, ആലാപനവും നിവ്വഹിച്ചു. കോട്ടയം ജില്ലയിലെ അയ്മനം ആണ് സ്വദേശം.