മലയാളി സ്‌പോണ്‍സറുടെ ചതിയില്‍പ്പെട്ട് ബഹ്‌റൈനില്‍ കുടുങ്ങിയ അനുപ്രസാദിന് നാട്ടിലെത്താന്‍ വഴിതെളിയുന്നു

anu prasad

മനാമ: മലയാളി സ്‌പോണ്‍സറുടെ ചതിയില്‍പ്പെട്ട് ബഹ്‌റൈനില്‍ കുടുങ്ങിയ അനുപ്രസാദിന് ജന്മനാട്ടിലേക്ക് തിരികെയെത്താന്‍ വഴിയൊരുങ്ങുന്നു. ബഹ്‌റൈനിലെ സാമൂഹിക പ്രവര്‍ത്തകരുടെ സംഘടനകളുടെയും സഹായത്തോടെയാണ് അനുപ്രസാദ് നാട്ടിലെത്താന്‍ സാഹചര്യമൊരുങ്ങുന്നത്. ഈ മാസം തന്നെ അദ്ദേഹത്തിന് നാട്ടിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

തിരുവനന്തപുരം ചൊവ്വര സ്വദേശി ഷാജി ഡാനിയല്‍ എന്നയാളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ലഭിച്ച അനുപ്രസാദ് 2018ലാണ് ബഹ്‌റൈനിലെത്തുന്നത്. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ അനുപ്രസാദ് സുഹൃത്ത് വഴിയായിരുന്നു വിസ ലഭിച്ചത്. വയോധികരും രോഗികളുമായ മാതാപിതാക്കള്‍ ഉള്‍പ്പെടുന്ന നാലംഗ കുടുംബത്തിന്റെ ഏക ആശ്രമായിരുന്നു അനു.

ബഹ്‌റൈനിലെത്തി ആദ്യ മാസങ്ങളില്‍ തന്നെ കൃത്യമായി ശമ്പളം നല്‍കാന്‍ കമ്പനി ഉടമ ഷാജി തയ്യാറായില്ല. പലതവണ അവധി പറഞ്ഞു. ശമ്പളം ചോദിച്ചപ്പോള്‍ 20ഉം 30ഉം ദിനാറുകള്‍ നല്‍കി, താല്‍ക്കാലികമായ പ്രതിസന്ധിയാണെന്നും ഉടന്‍ ശമ്പളം മുഴുവനായി നല്‍കുമെന്നും ഷാജി അദ്ദേഹത്തെ വിശ്വസിപ്പിച്ചു. എന്നാല്‍ ബഹ്‌റൈനില്‍ ലക്ഷങ്ങളുടെ കടബാധ്യതയിലായിരുന്നു ഷാജി. പണം കടം വാങ്ങിയവരില്‍ നിന്ന് രക്ഷപ്പെടാനായി രാജ്യം വിടാന്‍ ഷാജി കരുനീക്കങ്ങള്‍ നടത്തിയിരുന്നു.

തന്റെ കമ്പനിയിലെ തൊഴിലാളിയായ അനുവിന്റെ പാസ്‌പോര്‍ട്ട് ഷാജി കൈവശം വെച്ചിരുന്നു. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ തിരികെ നല്‍കാന്‍ അനുപ്രസാദ് പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഷാജി തയ്യാറായില്ല. ഒടുവില്‍ ശമ്പളക്കുടിശിക നാട്ടില്‍വെച്ച് നല്‍കാമെന്ന കരാറുണ്ടാക്കി. ഒക്ടോബറിലാണ് ഷാജി പാസ്‌പോര്‍ട്ട് തിരികെ നല്‍കുന്നത്. മറ്റൊരു കമ്പനിയില്‍ ജോലി ലഭിച്ചതോടെ അനുപ്രസാദ് പുതിയ വിസയ്ക്കായി ബഹ്‌റൈന്‍ അധികൃതരെ സമീപിച്ചു. അപ്പോഴാണ് ഷാജിയുടെ കൊടുംചതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്താവുന്നത്.

ബഹ്‌റൈനില്‍ വന്‍തുക കടബാധ്യതയുള്ള ഷാജിക്ക് യാത്രാവിലക്ക് നിലവിലുണ്ടായിരുന്നു. ഇത് മറികടക്കാന്‍ അനുപ്രസാദിന്റെ പേരില്‍ ഔട്ട്പാസ് സംഘടിപ്പിച്ചാണ് അദ്ദേഹം നാടുവിട്ടത്. എല്‍.എം.ആര്‍.എ പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോള്‍ അനുപ്രസാദ് ബഹ്‌റൈനില്‍നിന്ന് പുറത്തുപോയി എന്നാണ് രേഖകളില്‍ വ്യക്തമായത്. പാസ്‌പോര്‍ട്ടില്‍ തിരിമറി കാണിച്ച ഷാജി അനുപ്രസാദിന്റെ പേരില്‍ നാടുവിട്ടു.

സാമൂഹിക പ്രവര്‍ത്തകനായ സുധീര്‍ തിരുനിലത്ത് മുഖേന ഇന്ത്യന്‍ എംബസിയിലും മുഖ്യമന്ത്രിയുടെ ഓഫീസിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലും പരാതി നല്‍കി. നാട്ടിലെ പൊലീസ് സ്‌റ്റേഷനിലും പരാതി നല്‍കി. ഒരുതവണ ഷാജിയെ സ്‌റ്റേഷനില്‍ വിളിപ്പിക്കുകയും ചെയ്തു. എങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല. നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് അനുപ്രസാദിന്റെ നിരപരാധിത്വം തെളിയുന്നത്.

അദ്ദേഹത്തിന് പുതിയ പാസ്‌പോര്‍ട്ട് നല്‍കാന്‍ എംബസി തീരുമാനിക്കുകയായിരുന്നു. എം.എം ടീം എന്ന പ്രവാസി സംഘടനയുടെ സഹായത്തോടെയാണ് അനുപ്രസാദ് ബഹ്‌റൈനില്‍ കഴിഞ്ഞിരുന്നത്. രണ്ട് വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ യാതൊരുവിധ സമ്പാദ്യവും കൈവശമില്ലാതെയാണ് അനുപ്രസാദിന്റെ മടക്കം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!