കോഴിക്കോട്: കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് മുമ്പ് നടത്തിയ സ്വാബ് പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. മന്ത്രി കെ.ടി ജലീല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മരണപ്പെട്ട സുധീര്‍ വാര്യത്ത് എന്നയാള്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ഇദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിക്കുക എന്ന് മന്ത്രി അറിയിച്ചു.
അപകടത്തില്‍ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ രക്ഷാപ്രവര്‍ത്തകരോടും ഉടന്‍ നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അപകടസമയത്ത് കൊവിഡ് പ്രോട്ടോക്കോള്‍ എല്ലാം മറന്ന് പെട്ടന്നു തന്നെ സഹായത്തിന് എത്തിയവരാണ് നാട്ടുകാര്‍. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ എല്ലാവരും മുന്‍കരുതലിന്റെ ഭാഗമായി സ്വയം നിരീക്ഷണത്തിനായി ക്വാറന്റൈനില്‍ പ്രവേശിക്കണം എന്ന് ആരോഗ്യമന്ത്രി അറിയിച്ചു. എല്ലാവരുടേയും പരിശോധനകള്‍ നടത്തുന്നതാണെന്നും ഇത് ബൂദ്ധിമുട്ടായി കരുതരുതെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ ഇന്ന് തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്.