തിരുവന്തപുരം: കേരളത്തില്‍ അതിശക്തമായ മഴ തുടരുന്നു. കാലാവസ്ഥ നിരീക്ഷണകേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടുകളനുസരിച്ച് തിങ്കളാഴ്ച്ച വരെ കനത്ത മഴ തുടരും. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ കക്കയം വനമേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഒന്‍പത് കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിച്ചു. അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ല. കേരള തീരത്ത് കാറ്റിന്റെ വേഗം 60 കി.മി. വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് ശക്തമാകാന്‍ സാധ്യതയില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132 അടിയിലെത്തിയതോടെ ആദ്യ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 136 അടിയിലെത്തിയാല്‍ രണ്ടാം നിര്‍ദ്ദേശം നല്‍കും. 142 അടിയാണ് അണക്കെട്ടിലെ അനുവദനീയമായ സംഭരണശേഷി. പെരിയാറിന്റെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണംകൂടം അറിയിച്ചു. കനത്ത മഴയാല്‍ രണ്ടു ദിവസം കൊണ്ട് പത്ത് അടിയോളം വെള്ളമാണ് അണക്കെട്ടില്‍ ഉയര്‍ന്നത്. തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ ഇരുന്നൂറിലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അട്ടപ്പാടി മേഖലയില്‍ മണ്ണിടിച്ചില്‍ സാധ്യതയുളള ഉണ്ണിമല ഉള്‍പ്പെടെയുളള മേഖലളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുളള നടപടികള്‍ ആരംഭിച്ചു. തൃശ്ശൂര്‍ എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളില്‍ കടലേറ്റം അതിശക്തിയായി തുടരുന്നതിനാല്‍ എടവിലങ്ങില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കടലിനോട് ചേര്‍ന്നുള്ള നൂറു കണക്കിന് വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്.
മഴ ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 249 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 2569 കുടുംകുടുംബങ്ങളിലെ 8497 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ഇന്നലെ രാത്രി സംസ്ഥാനത്തെ മിക്ക ജില്ലകളിലും ശക്തമായ മഴയാണ് പെയ്തത്. ഇടുക്കി രാജമലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 23 പേര്‍ മരണപ്പെട്ടു. രണ്ടാം ദിവസ രക്ഷാപ്രവര്‍ത്തനങ്ങള്‍ രാജമലയില്‍ ആരംഭിച്ചിട്ടുണ്ട്. കനത്തമഴയില്‍ കാസര്‍കോട് തേജസ്വിനിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇതുവരെ ഇരുന്നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കുമായി മാറ്റിപ്പാര്‍പ്പിച്ചു.