തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച്ച വരെ കനത്ത മഴ തുടരും എന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് കേരളത്തിലും മാഹിയിലും മഴ കൂടുതല്‍ ശക്തി പ്രാപിക്കും. ഇതോടെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുന്നതിനാല്‍ പല അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. കേന്ദ്ര ജല കമ്മീഷന്‍ ശനിയാഴ്ച നല്‍കിയിരിക്കുന്ന അറിയിപ്പനുസരിച്ച് വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ വെള്ളപ്പൊക്ക ബാധിത മേഖലകളാണ്. കൂടാതെ മഴ തുടരുന്ന സാഹചര്യത്തില്‍ പെരിയാര്‍, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്റ്യാടി പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കൂടാതെ കേരളത്തിലെ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135 അടിയായി. 136 അടിയിലെത്തിയാല്‍ രണ്ടാം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കും. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2361 അടിയായി. സംഭരണ ശേഷിയുടെ 67 ശതമാനമാണിത്. നെയ്യാര്‍ ഡാമിന്റെ 4 ഷട്ടറുകള്‍ തുറന്നു. പേപ്പാറ ഡാമും തുറന്നു. മൂഴിയാര്‍ അണക്കെട്ടിന്റെയും മണിയാര്‍ സംഭരണിയുടെയും സ്പില്‍വേ തുറന്നു. പാലക്കാട് മംഗലം, കാഞ്ഞിരപ്പുഴ ഡാമുകള്‍ തുറന്നു. വാളയാര്‍ ഡാം തുറക്കുമെന്ന് മുന്നറിയിപ്പുണ്ട്. മഴ തുടര്‍ന്നാല്‍ ബാണാസുര സാഗര്‍ അണക്കെട്ട് തുറക്കുമെന്ന് മുന്നറിയിപ്പുണ്ട്. കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തും. പമ്പ അണക്കെട്ടില്‍ നിലവില്‍ 983.05 മീറ്ററാണ് ജലനിരപ്പ്. അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ട് തുറന്ന് വിടുന്നതിന് മുമ്പായുള്ള രണ്ടാമത്തെ അലര്‍ട്ടാണ് ഇത്. കേരളാതീരത്ത് കാറ്റിന്റെ വേഗം 60 കി.മീ. വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം കനത്ത മഴയില്‍ കുട്ടനാടും കോട്ടയവും വെള്ളപ്പൊക്കത്തിന്റെ ഭീതിയിലാണ്. കുട്ടനാട്ടിലും, ചെങ്ങന്നൂരിലും ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കും. കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. തുടര്‍ന്ന് ജില്ലയില്‍ ഇതുവരെ 132 ക്യാമ്പുകളിലായി 3232 പേരെ മാറ്റിപ്പാര്‍പ്പിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച വയനാട്ടില്‍ മഴയ്ക്ക് ശമനമില്ലാത്തതിനാല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിച്ചവരുടെ എണ്ണം 4206 ആയി. മൂന്ന് താലൂക്കുകളിലായി 79 ക്യാംപുകളാണുള്ളത്. ആദിവാസി വിഭാഗത്തില്‍ പെടുന്ന 2332 ആളുകളും ക്യാംപുകളിലുണ്ട്. കണ്ണൂരിലും മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു. ഇതുവരെ 1500 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.