ഇടുക്കി: രാജമലയില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 49 ആയി. ഇന്ന് 6 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. പുഴയില്‍ നിന്ന് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങളും കണ്ടെടുത്തത്. അപകട സ്ഥലത്ത് നിന്നും വളരെ മാറിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇനിയും 21 പേരെ കണ്ടെത്താനുണ്ട്. അതില്‍ കൂടുതലും കുട്ടികളാണ്. രക്ഷാപ്രവര്‍ത്തനത്തിന് വലിയ പാറക്കൂട്ടങ്ങളാണ് നിലവിലെ തടസം. ഡ്രോണ്‍ ഉപയോഗിച്ച് പുഴയില്‍ നടത്തുന്ന തിരച്ചില്‍ പുരോഗമിക്കുന്നുണ്ട്. പറകള്‍ക്കടിയിലെ തിരച്ചില്‍ പുരോഗമിക്കണമെങ്കില്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ചെറുസ്ഫോടനം നടത്തി തിരച്ചില്‍ തുടരേണ്ടി വരും.
കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ രക്ഷാപ്രവര്‍ത്തകരുടെയും കൊവിഡ് പരിശോധന ഇന്നും നടത്തും. പെട്ടിമുടിയില്‍ മണ്ണിനടിയില്‍പ്പെട്ട് മരിച്ചവരില്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍ നിന്നെത്തിയവരാണ്. അതിനാല്‍ ഇവരുടെ ബന്ധുക്കള്‍ തമിഴ്നാട്ടില്‍ നിന്ന് കൂട്ടത്തോടെ എത്തുന്നതിനാലാണ് കൊവിഡ് പരിശോധന വേഗത്തില്‍ നടത്തുന്നത്. കൂടാതെ പെട്ടിമുടിയില്‍ തിരച്ചിലിനെത്തിയ ആലപ്പുഴയില്‍ നിന്നുള്ള അഗ്നിശമന സേനാംഗത്തിന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സംഘത്തെ പൂര്‍ണ്ണമായും നിരീക്ഷണത്തിലാക്കി. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചയാള്‍ക്ക് സംഘത്തിലുള്ളവരായി മാത്രമെ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളു എന്നത് ആശങ്ക ഒഴിവാക്കി.
പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നൂറിലേറെ വരുന്ന പൊലീസും അഗ്നിശമന സേനാ ജീവനക്കാരും’ 50ലധികം റവന്യൂ ഉദ്യോഗസ്ഥരും ദേശീയദുരന്തനിവാരണസേന സംഘവും ഉണ്ട്. ഘട്ടം ഘട്ടമായാകും ഇവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തുക. ഇന്നലെ 10 പേര്‍ക്ക് പരിശോധന നടത്തിയിരുന്നു. ഇതില്‍ ആര്‍ക്കും ഫലം പോസിറ്റിവല്ല. കൂടാതെ മരിച്ചവരെ കാണാനായി തമിഴ്നാട്ടില്‍ നിന്നും വരുന്നത് ആയിരത്തിലധികം പേരാണ്. പൊലീസും ആരോഗ്യപ്രവര്‍ത്തകരും നിലവില്‍ ശരീരോഷ്മാവ് പരിശോധന മാത്രം നടത്തിയാണ് ഇവരെ ചെക്പോസ്റ്റുകളില്‍ നിന്നും കടത്തി വിടുന്നത്.