ബഹ്റൈനിൽ 483 പേർക്ക് കൂടി കോവിഡ് മുക്തി, 227 പുതിയ കേസുകൾ

മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിതരായ 483 പേര്‍ കൂടി രോഗ മുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 37840 ആയി ഉയർന്നു. അതേസമയം ജൂലൈ 31 ന് 24 മണിക്കൂറിനിടെ 4326 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 227 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 92 പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർക്ക് സമ്പര്‍ക്കത്തിലൂടെയും വിദേശത്ത് നിന്ന് എത്തിയത് വഴിയുമാണ് രോഗം പകര്‍ന്നിരിക്കുന്നത്. ഈദ് ദിനങ്ങളിൽ പരിശോധനകളുടെ എണ്ണം താരതമ്യേന കുറവായതിനാൽ തന്നെ പുതിയ രോഗബാധിതരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നിലവില്‍ 2995 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 41 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ മരണപ്പെട്ട 55 കാരനായ പ്രവാസിയടക്കം 147 പേർക്കാണ് ആകെ രാജ്യത്ത് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. ഇതുവരെ 830998 പേരെ രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. ബലി പെരുന്നാൾ ആഘോഷ ദിനങ്ങളും പ്രാർഥനകളും ജനങ്ങൾ വീടുകളിൽ തന്നെ കഴിച്ച് കൂട്ടാനും സമ്പർക്കങ്ങൾക്ക് ഇടവരുത്താതിരിക്കാനും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.