എല്‍എംആര്‍എ പുതിയ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ സ്വീകരിക്കുന്നത് പുനരാരംഭിച്ചു; വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യുന്നതിന് പുതിയ നിയമ ഭേദഗതി

മനാമ: ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) പുതിയ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ സ്വീകരിക്കുന്നത് പുനരാരംഭിച്ചു. നേരത്തെ കോവിഡ്-19 വ്യാപനത്തിന് പിന്നാലെ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നത് എല്‍എംആര്‍എ നിര്‍ത്തിവെച്ചിരുന്നു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയിലെ ഗവണ്‍മന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് പുതിയ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ സ്വീകരിക്കുന്നത് പുനരാരംഭിക്കാനുള്ള നിര്‍ദേശം നല്‍കിയത്.

അതേസമയം വീട്ടുജോലിക്കാരുടെ വിസ സംബന്ധിച്ച അപേക്ഷകള്‍ ഇപ്പോള്‍ പരിഗണിക്കില്ല. എല്‍എംആര്‍എ ചീഫ് എക്‌സിക്യൂട്ടീവ് ഊസ്മാഹ് അല്‍ അബ്‌സിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പുതിയ നിയമ ഭേദഗതികള്‍ അനുസരിച്ചേ രാജ്യത്തിന് പുറത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുമതി ലഭിക്കു.

രാജ്യത്തിന് പുറത്ത് നിന്ന് റിക്രൂട്ട്‌മെന്റ് ചെയ്യുമ്പോള്‍;

1. അപേക്ഷകള്‍ക്ക് 14 ദിവസത്തിന് ശേഷം മാത്രമായിരിക്കും അംഗീകാരം ലഭിക്കുക.

2. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണം. സ്വദേശികള്‍ക്കും നിലവില്‍ ബഹ്റൈനില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും ഒരുപോലെ തൊഴില്‍ അപേക്ഷ നല്‍കാന്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം.

3. പ്രസ്തുത പരസ്യം പ്രസിദ്ധീകരിച്ച് രണ്ടാഴ്ച്ചക്കുള്ളില്‍ ആരും അപേക്ഷ നല്‍കിയില്ലെങ്കില്‍ തൊഴില്‍ ദാതാവിന് വിദേശരാജ്യങ്ങളില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യാം. മേല്‍പ്പറഞ്ഞ പരസ്യത്തിന് 30 ദിനാറായിരിക്കും ചെലവ് വരിക. പരസ്യങ്ങൾ അൽ അയാം, അഖ്ബർ അൽ ഖലീജ്, അൽ ബിലാദ്, അൽ വതൻ, ഗൾഫ് ഡെയ്ലി ന്യൂസ്, ബഹ്റൈൻ ഡെയ്ലി ട്രിബ്യൂൺ എന്നിനിവയിൽ ഏതെങ്കിലും ഒരു പത്രത്തിലായിരിക്കണം നൽകേണ്ടത്.