ബഹ്‌റൈനില്‍ പുറംജോലി നിരോധന നിയമലംഘനങ്ങള്‍ കുറയുന്നു

മനാമ: ബഹ്‌റൈനില്‍ പുറംജോലി നിരോധന നിയമലംഘനങ്ങള്‍ കുറയുന്നു. ബഹ്‌റൈന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ഗള്‍ഫ് ഡെയ്‌ലി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബുധനാഴ്ച്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം 26 നിയമലംഘനങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ ചെറിയ നിരക്കാണ്.

നിരോധനം നിലവില്‍ വന്ന ആദ്യ രണ്ടാഴ്ച്ചകളില്‍ 22 നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 6,315 വര്‍ക്ക് സൈറ്റുകളിലാണ് ഇതുവരെ പരിശോധന നടന്നിരിക്കുന്നത്. താപനിലയില്‍ വലിയ വര്‍ദ്ധനവ് റിപ്പോര്‍്ട്ട ചെയ്ത ജൂലൈയിലും പുറംജോലി നിരോധന നിയമലംഘനങ്ങളുടെ നിരക്ക് കുറഞ്ഞത് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.

തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തെ മുന്‍നിര്‍ത്തിയാണ് ബഹ്‌റൈന്‍ ഭരണകൂടം വേനലില്‍ പുറംജോലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.