പെരുന്നാൾ ദിനത്തിൽ തൊഴിലാളികള്‍ക്ക് ഉച്ചഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് ഐസിആര്‍എഫ്

മനാമ: ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്) 140 ഓളം തൊഴിലാളികള്‍ക്ക് ഈദ് പ്രമാണിച് ഉച്ച ഭക്ഷണത്തിനുള്ള (ബിരിയാണി ) പൊതികള്‍ വിതരണം ചെയ്തു. നേരത്തെ ഐസിആര്‍‌എഫിന്‍റെ വേനല്‍ക്കാല പദ്ധതിയുടെ ഭാഗമായി തൊഴിലാളികള്‍ക്ക് വെള്ളവും പഴങ്ങളും വിതരണം ചെയ്തിരുന്നു.

അസ്‌കറില്‍ ഉള്ള ആമസോണ്‍ അസ്‌കര്‍ സബ്സ്റ്റേഷന്‍ വര്‍ക്ക് സൈറ്റിലെ തൊഴിലാളികള്‍ക്കാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. കോവിഡ് -19 സമയത്ത് പിന്തുടരേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള  നോട്ടീസുകളും മാസ്‌കുകളും ആന്റി ബാക്ടീരിയല്‍ സോപ്പുകളും തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ട്.

പരിപാടിയില്‍ എസ് ടി സി കമ്പനി സ്‌പോണ്‍സര്‍ ചെയ്ത സൗജന്യ പ്രീപെയ്ഡ് സിം കാര്‍ഡുകളും എല്ലാവര്‍ക്കും വിതരണം ചെയ്തു. വേനല്‍ക്കാലത്തെ ചൂടില്‍ ഏറ്റവും ശ്രദ്ധ ചെലുത്തേണ്ടവര്‍ പുറംജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളാണ്. അതുകൊണ്ടു തന്നെ വിവിധ വര്‍ക്ക് സൈറ്റുകളില്‍ ഓഗസ്റ്റ് അവസാനം വരെ പ്രതിവാര ക്യാംപയ്നും വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതും തുടരാനാണ് ഐസിആര്‍എഫ് പദ്ധതിയിടുന്നത്.

ഐ.സി.ആര്‍.എഫ്. ചെയര്‍മാന്‍ അരുള്‍ദാസ് തോമസ്, ഐ.സി.ആര്‍.എഫ് തേര്‍സ്റ്റ് ഖൊഞ്ചേഴ്‌സ് കണ്‍വീനര്‍ സുധീര്‍ തിരുനിലത്ത് കൂടാതെ ഐ.സി.ആര്‍.എഫ്. വളന്റീര്‍സ് ക്ലിഫോര്‍ഡ് കൊറിയ, സുനില്‍ കുമാര്‍, മുരളീകൃഷ്ണന്‍, നാസര്‍ മഞ്ചേരി, പവിത്രന്‍ നീലേശ്വരം എന്നിവരോടൊപ്പം എസ് .ടി .സി . മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീലേഷ് പവാറും പരിപാടിയില്‍ സന്നിഹിതനായിരുന്നു.