കോവിഡ് പ്രതിരോധത്തിൻ്റെ ‘ബഹ്റൈൻ മോഡൽ’; പ്രശംസയുമായി അന്താരാഷ്ട്ര സംഘടന

മനാമ: കോവിഡ്-19 എന്ന പകര്‍ച്ചവ്യാധിയെ നേരിടാന്‍ ബഹ്റൈന്‍ ഭരണകൂടം നടത്തിയ പ്രതിരോധ നടപടികളെ പ്രശംസിച്ച് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐഒഎം). കോവിഡ് വ്യാപനം തടയുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്വീകരിച്ച നടപടികള്‍ മികച്ചതാണെന്ന് ഐഒഎം ചൂണ്ടിക്കാണിച്ചു. കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കുന്നതില്‍ ബഹ്റൈന്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയതിനും സംഘടന പ്രശംസ അറിയിച്ചു. ഫെബ്രുവരി മുതല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ലേകത്തിലെത്തന്നെ കോവിഡ് പ്രധിരോധങ്ങളില്‍ ഏറ്റവും മികച്ചതാണെന്ന് ഐഒഎം ചീഫ് മിഷന്‍ (ബഹ്‌റൈന്‍) മുഹമ്മദ് എല്‍ സര്‍ക്കാനി പറഞ്ഞു.

കോവിഡ് വ്യാപനം തടയുന്നതിന് പൗരന്‍മാരെയും രാജ്യത്തെ മറ്റു താമസക്കാരെയും സൗജന്യ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. അതോടൊപ്പം തൊഴിലാളികളെ തിരക്കേറിയ ക്യാമ്പുകളില്‍ നിന്ന് സര്‍ക്കാര്‍ ഷെല്‍ട്ടറുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കൂടാതെ ആവശ്യക്കാരായ പ്രവാസികള്‍ക്ക് ഭക്ഷണം എത്തിക്കുക, കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ക്ക് മാപ്പ് നല്‍കുക, ഡിസംബര്‍ 31 ന് അവസാനിക്കുന്ന പൊതുമാപ്പ് പോലുള്ള മറ്റ് നടപടികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം നടപടികള്‍ക്ക് പുറമെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കുന്നതും സാമൂഹ്യ അകലം ഉറപ്പാക്കുന്നതും ഉറപ്പ് വരുത്തുന്നതിനായി കര്‍ശന നടപടിക്രമങ്ങള്‍ ബഹ്റൈന്‍ സ്വീകരിച്ചിട്ടുണ്ട്.

നേരത്തെ ബഹ്‌റൈന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടനയും രംഗത്ത് വന്നിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും മികച്ച പ്രതിരോധ നീക്കങ്ങളാണ് ബഹ്‌റൈന്റേത്.