ബാബരി മസ്ജിദ് തകര്‍ത്ത കേസിൽ 32 പ്രതികളെയും വെറുതെവിട്ടു, തെളിവുകളില്ലെന്ന് കോടതി

ലക്‌നൗ: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ടു. തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെ വിടുകയാണെന്ന് ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതിയുടെ വിധിപ്രസ്താവത്തില്‍ വ്യക്തമാക്കുന്നു. വിധി പ്രസ്താവം തുടരുകയാണ്. ജഡ്ജി എസ്‌കെ യാദവ് ആണ് 2000 പേജുള്ള വിധി പ്രസ്താവിക്കുന്നത്. പ്രോസിക്യൂഷനെ കോടതി വിമര്‍ശിച്ചു.

ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി അടക്കം 32 പേരാണ് ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. കേസിന്റെ തുടക്കത്തില്‍ തന്നെ കോടതി സിബിഐക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐ പരാജയപ്പെട്ടുവെന്നാണ് കോടതി നിരീക്ഷിച്ചത്.

വിധി പ്രസ്താവത്തോടെ അനുബന്ധിച്ച് ഉത്തര്‍പ്രദേശില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. കേസിലെ എല്ലാ പ്രതികളോടും വിധി പറയുമ്പോള്‍ കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ജോഷി, ഉമാഭാരതി, കല്ല്യാണ്‍ സിംഗ്, നൃത്യ ഗോപാല്‍ ദാസ് തുടങ്ങി ആറ് പേര്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ ഇളവ് തേടി.

1992 ഡിസംബർ 6 ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. നേരത്തെ ബാബറി മസിജ്ദ് തകർത്തത് കുറ്റമാണെന്ന് അയോദ്ധ്യ ഭൂമി തർക്ക കേസിലെ വിധിയിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്ന വിധി പ്രസ്താവത്തിൽ പ്രതി ചേർക്കപ്പെട്ട ആർക്കെതിരെയും കുറ്റം തെളിയിക്കപ്പെട്ടില്ല. മസ്ജിദ് തകർത്തതിന് പിന്നിൽ പങ്കില്ലെന്നും ഗൂഡാലോചന നടത്തിയിട്ടിലെന്നുമാണ് എൽ കെ അദ്വാനിയും ജോഷിയും മൊഴി നൽകിയത്.

അതേസമയം കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതിചേർക്കപ്പെട്ടവരിൽ ചിലർ കർസേവകർക്കൊപ്പമുണ്ടായിരുന്നുവെന്നതിന് തെളിവായി ചിത്രങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ പ്രതികൾ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനാണ് സംഭവ സ്ഥലത്തെത്തിയതെന്നാണ് വിശദീകരണം. 2001ൽ ഗൂഢാലോചന കുറ്റത്തിൽ നിന്ന് അദ്വാനി ഉൾപ്പടെയുള്ളവരെ അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. പ്രസ്തുത വിധി റദ്ദാക്കിയ സുപ്രീംകോടതി കേസിൽ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് 2017ൽ വിധി പുറപ്പെടുവിച്ചു.