ബഹ്‌റൈന്‍ ഇസ്രായേല്‍ നയതന്ത്ര കരാര്‍ സാമ്പത്തിക പുരോഗതിയിലേക്കുള്ള നിര്‍ണ്ണായക നീക്കം; ബഹ്‌റൈന്‍ ഇന്‍ഡസ്ട്രിയല്‍ മിനിസ്റ്റര്‍

മനാമ: ബഹ്‌റൈന്‍ ഇസ്രായേല്‍ നയതന്ത്ര കരാര്‍ സാമ്പത്തിക പുരോഗതിയിലേക്കുള്ള നിര്‍ണ്ണായക നീക്കമെന്ന് ബഹ്‌റൈന്‍ ഇന്‍ഡസ്ട്രിയല്‍ മിനിസ്റ്റര്‍ സയദ് ബിന്‍ റാഷിദ് അല്‍ സയാനി. നയതന്ത്ര കരാറിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികവും വാണിജ്യപരവുമായ സഹകരണവും, സമാധാനപരമായ നയതന്ത്ര ബന്ധവും ഉറപ്പാക്കാന്‍ സാധിക്കും. ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിലൂടെ കിങ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ ലോകത്ത് സമാധന സംസ്‌കാരം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. അതോടൊപ്പം പാലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയും ചെയ്തുവെന്ന് സയദ് ബിന്‍ റാഷിദ് ചൂണ്ടിക്കാട്ടി.

ഈ കരാറിലൂടെ ഇരുരാജ്യങ്ങളുടെയും സാമ്പത്തിക, വ്യാപാര ബന്ധം, വാര്‍ത്തവിനിമയം, വാണിജ്യം, വ്യോമ സേവനങ്ങള്‍, ജനങ്ങളുടെ സഞ്ചാരം, ബാങ്കിങ്-ധനകാര്യ സേവനങ്ങള്‍, വിദേശകാര്യ മന്ത്രാലയങ്ങള്‍ എന്നിവ സഹകരിച്ച് പ്രവര്‍ത്തിക്കും. ഇതിലൂടെ രാജ്യങ്ങളുടെ സാമ്പത്തിക ഉന്നമനവും, ജനങ്ങള്‍ക്ക് കൂടുതല്‍ ജോലി സാധ്യതകളും ഉണ്ടാകുമെന്ന് മിനിസ്റ്റര്‍ സയദ് ബിന്‍ റാഷിദ് പറഞ്ഞു. അതോടൊപ്പം രാജ്യങ്ങളുടെ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ വര്‍ദ്ധിക്കും. കൂടാതെ ഭാവിയില്‍ സന്ദര്‍ശനങ്ങളിലൂടെയും സംയുക്ത പദ്ധതികളിലൂടെയും ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.