രോഗവ്യാപന തോത് കുറഞ്ഞു, ജാഗ്രത തുടരണം; രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മന്ത്രിസഭായോഗം

മനാമ: രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മന്ത്രിസഭ യോഗം. ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ മുബാറഖ് അല്‍ ഖലീഫ് അധ്യക്ഷത വഹിച്ച യോഗത്തിലാണ് രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചിത്. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ വിവധ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തന മികവിന് നല്‍കിയ ആദരവിന് നന്ദി രേഖപ്പെടുത്തി. മന്ത്രാലയങ്ങളുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം വഴി ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫ അഭിപ്രായപ്പെട്ടു.

പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ സമിതിയുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. ഇതിലൂടെ ജനങ്ങളെ ബോധവത്കരിക്കാനും കൊവിഡ് വ്യാപനം ശക്തമായി കുറയ്ക്കാനും സാധിച്ചുവെന്ന് മന്ത്രിസഭ വിലയിരുത്തി. അതോടൊപ്പം കൊവിഡ് പ്രതിരോധങ്ങള്‍ക്കായി മുന്‍നിരയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധ സേവകര്‍, വിവിധ സൊസൈറ്റികള്‍, ക്ലബുകള്‍ എന്നിവര്‍ക്ക് യോഗത്തില്‍ നന്ദി അറിയിച്ചു. ആഗോളതലത്തില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ യു.എന്‍ന്റെ പങ്ക് വലുതാണ്. കൂടാതെ യു.എന്‍ ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പദ്ധതികളുമായി സഹകരിച്ച് മുന്നോട്ടുപോകുന്ന ബഹ്‌റൈന്‍ നിലപാട് മാതൃകാപരമാണെന്നും മന്ത്രിസഭ ചൂണ്ടിക്കാട്ടി.

സൗദി, ബഹ്‌റൈന്‍ സംയുക്ത സമിതി പ്രവര്‍ത്തനം ഇരു രാജ്യങ്ങളിലെയും കിരീടാവകാശികളുടെ നേതൃത്വത്തില്‍ ശക്തിപ്പെടുത്താനുള്ള തീരുമാനത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു. അതോടൊപ്പം ബഹ്‌റൈനും ഇസ്രായേലും തമ്മിലുള്ള സഹകരണം മേഖലയില്‍ സമാധാനം ഉറപ്പാക്കമെന്ന് യോഗം വിലയിരുത്തി. ഇതിലൂടെ ഇരുരാജ്യങ്ങള്‍ക്കും വിവിധ മേഖലകളില്‍ ഗുണമുണ്ടാകുംമെന്നും മന്ത്രിസഭ ചൂണ്ടിക്കാട്ടി. കൂടാതെ ജിയോസ്‌പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ ഗവേണന്‍സിനായുള്ള ദേശീയ സമിതി രൂപീകരണത്തിനുള്ള ഉത്തരവിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച് ബഹ്‌റൈന്‍ യുഎന്‍ന് സമര്‍പ്പിച്ച രണ്ട് റിപ്പോര്‍ട്ടുകള്‍ക്കും മന്ത്രിസഭ അഗീകാരം നല്‍കി.