ബഹ്റൈനിൽ നീണ്ട ഇടവേളക്ക് ശേഷം ശേഷം റസ്റ്റോറന്റുകളില്‍ അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് പുനരാരംഭിച്ചു; സുരക്ഷാ നിര്‍ദേശങ്ങള്‍ ഇവയാണ്!

മനാമ: ബഹ്‌റൈനില്‍ ദീര്‍ഘകാല ഇടവേളയ്ക്ക് ശേഷം റസ്റ്റോറന്റുകളില്‍ അകത്തിരുന്ന ഭക്ഷണം കഴിക്കുന്ന പുനരാരംഭിച്ചു. ഇന്ന് രാവിലെയോടൊണ് റസ്റ്റോറന്റുകളിലും കഫേകളിലും ഉപഭോക്താക്കള്‍ എത്തിതുടങ്ങിയിട്ടുണ്ട്. ഒരേ സമയം 30 പേര്‍ക്കാണ് പ്രവേശനാനുമതി. കര്‍ശന ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങളോടെയാണ് റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

പ്രധാന ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ ഇവയാണ്:

1. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ശരീരോഷ്മാവ് കവാടത്തില്‍ പരിശോധിക്കുന്നതിന് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിക്കണം. 37.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലുള്ളവരെ അകത്ത് കടത്തരുത്.

2. ജീവനക്കാരനോ ഉപഭോക്താവോ കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചാല്‍ അകത്ത് പ്രവേശിപ്പിക്കരുത്.

3. റിസര്‍വേഷന്‍ സംവിധാനം പ്രോത്സാഹിപ്പിക്കണം. എന്നാല്‍, സാമൂഹിക അകലം പാലിക്കാന്‍ കഴിയുമെങ്കില്‍ റിസര്‍വേഷന്‍ ഇല്ലാതെ എത്തുന്നവരെയും പ്രവേശിപ്പിക്കാം.

4. ഓരോ ബുക്കിംഗിലും എത്തുന്ന സംഘത്തിലെ ഒരാളെ ബന്ധപ്പെടുന്നതിനുള്ള വിവരങ്ങളും ബുക്കിംഗ് സമയവും തീയതിയും രേഖപ്പെടുത്തണം. 30 ദിവസത്തേക്ക് പ്രസ്തുത വിവരങ്ങള്‍ നിര്‍ബന്ധമായും സൂക്ഷിക്കണം.

5. റസ്റ്റോറന്റിന് അകത്ത് സീറ്റ് ലഭ്യമല്ലെങ്കില്‍ ഉപഭോക്താവ് പുറത്ത് കാത്തുനില്‍ക്കണം.

6. പ്രവേശന കവാടങ്ങളിലും ഭക്ഷണ മേശകളിലും റെസ്റ്റ് റൂമുകളിലും ഹാന്‍ഡ് സാനിറ്റൈസര്‍ ലഭ്യമാക്കണം. (70 ശതമാനമെങ്കിലും ആല്‍ക്കഹോള്‍ ഉള്‍പ്പെടുന്ന സാനിറ്റൈസര്‍ ആയിരിക്കണം ലഭ്യമാക്കേണ്ടത്.)

7. പേപ്പര്‍ നാപ്കിനുകള്‍ ലഭ്യമാക്കണം

8. ഒരുതവണ ഭക്ഷണ ശേഷം പുനരുപയോഗിക്കാവുന്ന മേശവിരികളും മാറ്റുകളും നാപ്കിനുകളും കഴുകണം. ടവലുകള്‍ 80 ഡിഗ്രി ചൂടുള്ള വെള്ളത്തില്‍ കഴുകണം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന മേശവിരികളാണ് അഭികാമ്യം.

9. ഭക്ഷണം കഴിക്കാന്‍ എത്തുമ്പോഴും പുറത്തേക്ക് പോകുമ്പോഴും മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിക്കാന്‍ വിമുഖത കാണിക്കുന്ന ഉപഭോക്താക്കളെ റസ്റ്റോറന്റില്‍ പ്രവേശിപ്പിക്കരുത്.

10. മാലിന്യങ്ങള്‍ ശേഖരിക്കാന്‍ കൂടുതല്‍ സംവിധാനം ഒരുക്കണം. കൂടെക്കൂടെ നീക്കം ചെയ്യുകയും വേണം.

11. ഉപ്പ്, കുരുമുളക്, പഞ്ചസാര, കെച്ചപ്പ് തുടങ്ങിയവ ഒറ്റത്തവണ ഉപയോഗിക്കാവുന്ന തരത്തിലായിരിക്കണം ലഭ്യാക്കേണ്ടത്.

12. ജീവനക്കാര്‍ എല്ലാ സമയവും മാസ്‌ക്കും ഗ്ലൗസും ധരിച്ചിരിക്കണം

13. സെല്‍ഫ് സര്‍വീസ് ഒപ്ഷന്‍ ഒഴിവാക്കണം. ഭക്ഷണം ടേബിളില്‍ നല്‍കണം

14. സര്‍വീസ് കൗണ്ടറില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് ഫുഡ് കോര്‍ട്ടുകളില്‍ മാത്രം