ഇന്ത്യയില്‍ രോഗമുക്തി നിരക്ക് ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറില്‍ 63,371 പുതിയ കേസുകള്‍, 895 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രോഗമുക്തി നിരക്ക് ഉയരുന്നു. 64,53,780 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. ഇതോടെ രോഗമുക്തി നിരക്ക് 87.35 ശതമാനമായി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 63,371 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയതതോടെ ആകെ രോഗികളുടെ എണ്ണം 73,70,469 ആയി. 895 മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,12,161 ആയി ഉയര്‍ന്നു. 8,04,528 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്.

കൊവിഡ് ഹോട്ട്‌സ്‌പോട്ടായ മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 336 മരണങ്ങളും 10,226 പുതിയ കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലും രോഗമുക്തി നിരക്കിലും മഹാരാഷ്ട്രയാണ് മുന്നില്‍. അതേസമയം ഇന്നലെ കര്‍ണ്ണാടകയില്‍ 8000ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആന്ധ്രാ പ്രദേശില്‍ 4,038 പശ്ചിമ ബംഗാളില്‍ 3,720 ഡല്‍ഹിയില്‍ 3,483 എന്നിങ്ങനെയാണ് പ്രതിദിന കേസുകള്‍.

അതേസമയം കേരളത്തില്‍ ഇന്നലെ കേരളത്തില്‍ ഇന്ന് 7789 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1264, എറണാകുളം 1209, തൃശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസര്‍ഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 23 പേര്‍ കൂടി ഇന്നലെ മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 1089 ആയി ഉയര്‍ന്നു.