കോവിഡ് വ്യാപനം; ഇതര രാജ്യങ്ങളില്‍ കുടുങ്ങിയ 10,218 ബഹ്റൈനികളെ ഇതുവരെ തിരികെയെത്തിച്ചു

മനാമ: കോവിഡ് വ്യപനത്താല്‍ ഇതര രാജ്യങ്ങളില്‍ കുടുങ്ങിയ 10,218 ബഹ്റൈനികളെ ഇതുവരെ തിരികെയെത്തിച്ചു. ജനറല്‍ ഡയറക്ട്രേറ്റ് ഫോര്‍ പോര്‍ട്ട് സെക്യൂരിറ്റിയുടെ നേതൃത്വത്തിലായിരുന്നു റീപാട്രീഷന്‍ ദൗത്യം. ബഹ്റൈനില്‍ കുടുങ്ങിയ 19,757 വിദേശികളെയും ദൗത്യത്തിന്റെ ഭാഗമായി സ്വദേശത്തേക്ക് തിരികെ അയച്ചിട്ടുണ്ട്.

റേഡിയോ ബഹ്റൈനിലെ ‘അല്‍ അമന്‍’ എന്ന പരിപാടിയിലൂടെയാണ് അഡ്മിനിട്രേറ്റീവ് അഫയേഴ്സ് ലെയ്‌സണ്‍ ഓഫീസര്‍ റാഷിദ് ഹമദ് അല്‍ ദൊസാരി ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് രാജ്യങ്ങളില്‍ നിന്നും ബഹ്റൈനില്‍ എത്തിയ 91,029 യാത്രക്കാരെ ഡയറക്ട്രേറ്റ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതുകൂടാതെ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മെഡിക്കല്‍ എക്സാമിനേഷനായി പ്രത്യേക വിഭാഗവും ആരംഭിച്ചിട്ടുണ്ട്.

വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് അവരുടെ വിവിരങ്ങള്‍ രേഖപ്പെടുത്തുന്നതിനും പരിശോധനകള്‍ നടത്തുന്നതിനും പ്രത്യേക വിഭാഗം സഹായിക്കും. ബഹ്റൈന്‍ വിമാനത്താവളം വഴി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരോട് അതത് രാജ്യങ്ങളിലെ കൊവിഡ് പ്രതിരോധ നടപടി ക്രമങ്ങള്‍, വ്യവസ്ഥകള്‍ എന്നിവയെ പറ്റി വ്യക്തമായ ധാരണ വേണമെന്ന് അല്‍ ദൊസാരി അറിയിച്ചു.