സതേണ്‍ ഗവര്‍ണറേറ്റ് 10,000 മാസ്‌കുകള്‍ സൗജന്യമായി വിതരണം ചെയ്തു

മനാമ: സതേണ്‍ ഗവര്‍ണറേറ്റ് 10,000 മാസ്‌കുകള്‍ സൗജന്യമായി വിതരണം ചെയ്തു. രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കം. റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനുമായി സഹകരിച്ചായിരുന്നു മാസ്‌ക് വിതരണം. രാജ്യത്തെ പ്രതിരോധ നീക്കങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന രംഗത്ത് വന്നിരുന്നു. ജനങ്ങളിലേക്ക് കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എത്തിക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞുവെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

മാസ്‌ക് വിതരണം പോലുള്ള ക്യാംപെയ്‌നുകള്‍ ജനങ്ങളെ കൂടുതല്‍ സ്വാധീനിക്കുമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. അതേസമയം
ബഹ്‌റൈനില്‍ 401 പേര്‍ക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 24ന് 24 മണിക്കൂറിനിടെ 8436 പേരില്‍ നടത്തിയ പരിശോധനകളില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റ് 293 പേര്‍ക്ക് സമ്പര്‍ക്കങ്ങളിലൂടെയും ഒരാള്‍ക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്.

331പേര്‍ കൂടി രോഗമുക്തി നേടി ചികിത്സാ കേന്ദ്രങ്ങള്‍ വിട്ടിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 76474 ആയി. 3189 പേരാണ് ആകെ നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്.