ബഹ്‌റൈന്‍-ഇന്ത്യ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്തി

മനാമ: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. സുബ്രമണ്യം ജയശങ്കര്‍ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുള്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സഹാനിയുമായി കൂടിക്കാഴ്ച്ച നടത്തി. ഡോ. സുബ്രമണ്യം ജയശങ്കര്‍ ബഹ്‌റൈന്‍ സന്ദര്‍ശനത്തോട് അനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച്ച. പരസ്പര ബഹുമാനത്തിലും കരുതലിലുമുള്ള ബന്ധമാണ് ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ളതെന്നും ഭാവിയില്‍ കൂടുതല്‍ മേഖലകളിലും ഇരുരാജ്യങ്ങളുടെ പൊതുതാല്‍പ്പര്യ മുന്‍നിര്‍ത്തി സഹകരണം സാധ്യമാക്കുമെന്നും ഡാ. അബ്ദുള്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സഹാനി വ്യക്തമാക്കി.

ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. അബ്ദുള്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സഹാനി പ്രത്യേകം പരമാര്‍ശം നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ പ്രവാസികള്‍ക്ക് ബഹ്‌റൈന്‍ വികസനത്തിലും പങ്കാളികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ബഹ്‌റൈന്റെ എക്കാലത്തെയും മികച്ച പ്രധാനമന്ത്രിയായിരുന്ന ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി നേരിട്ട് അനുശോചനം അറിയിച്ചു. ബഹ്‌റൈന്‍ ജനതയുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പ്രവാസി സമൂഹത്തോട് ബഹ്‌റൈന്‍ ഭരണകൂടം കാണിക്കുന്ന കരുതലിനും സ്‌നേഹത്തിനും നന്ദിയറിയിക്കുന്നതായി വിദേശകാര്യ മന്ത്രി വ്യക്തമാക്കി. പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങളില്‍ ബഹ്‌റൈനുമായി സഹകരണം ശക്തമാക്കുമെന്നും ഡോ. സുബ്രമണ്യം ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.