മനാമ: പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി ഹെഡ് ആയി സാമൂഹിക പ്രവർത്തകനായ സുധീർ തിരുനിലത്ത് നിയമിതനായി. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 10 വർഷമായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ സംഘടനയാണ് പ്രവാസി ലീഗൽ സെൽ. പ്രവാസികൾക്ക് ആവശ്യമായ നിയമ സഹായമെത്തിക്കുകയാണ് സെല്ലിന്റെ പ്രധാന ലക്ഷ്യം.
29 വർഷമായി ബഹ്റൈനിൽ താമസിക്കുന്ന സുധീർ തിരുനിലത്ത് സാമൂഹിക, സാസ്കാരിക മേഖലകളിൽ സുപരിചിതനാണ്. വിവിധ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുള്ള ഇദ്ദേഹം കോവിഡ് കാലത്ത് നിരവധി ആളുകളെ നാട്ടിലെത്താൻ സഹായിച്ചിട്ടുണ്ട്. ബഹ്റൈൻ കൺട്രി ഹെഡ് ആയി സുധീർ തിരുനിലത്തിന്റെ നിയമനം പ്രവാസികൾക്ക് ഏറെ സഹായകരമാകുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. പ്രവാസി ലീഗൽ സെല്ലിെൻറ ബഹ്റൈൻ കോഓർഡിനേറ്ററായി അമൽദേവും പ്രവർത്തിച്ചുവരുന്നു.