ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറയ്ക്കാനുള്ള നിർണായക തീരുമാനവുമായി ഫേസ്ബുക്ക്

ന്യൂയോർക്ക്: ന്യൂസ്ഫീഡിൽ രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാൻ നിർണായക നടപടികളുമായി ഫേസ്ബുക്ക്. ആളുകൾ തമ്മിലുള്ള ഭിന്നതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ഫേസ്‌ബുക്ക് മേധാവി മാർക്ക് സക്കർബർഗ് വ്യക്തമാക്കി. വ്യക്തികൾ രാഷ്ട്രീയ ഗ്രൂപ്പുകളിൽ അംഗമാകുന്നത് പ്രോത്സാഹിപ്പിക്കില്ലെന്നും രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച് കുറയ്ക്കുമെന്നും സക്കർബർഗ് അറിയിച്ചു.

ഗ്രൂപ്പ് സജഷനുകളിൽ നിന്ന് രാഷ്ട്രീയ ഗ്രൂപ്പുകളെ ഒഴിവാക്കും. അതോടൊപ്പം രാഷ്ട്രീയഭിന്നത പ്രചരിപ്പിക്കുന്ന ചർച്ചകൾ കുറയ്ക്കുകയും ചെയ്യും. ഫേസ്ബുക്ക് അൽഗോരിതത്തിൽ ഇതിനായുള്ള മാറ്റങ്ങൾ വരുത്തുമെന്നും സക്കർബർഗ് പറഞ്ഞു. ക്യാപിറ്റോൾ കലാപത്തിന് ശേഷം അമേരിക്കയിലെ ഫേസ്‌ബുക്ക് ഉപയോക്താക്കൾക്ക് ഈ മാറ്റങ്ങൾ നടപ്പാക്കിയിരുന്നു. ഇത് ലോകമെമ്പാടും വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം. രാഷ്ട്രീയ വിവാദങ്ങളിലൂടെ കലാപമുണ്ടാക്കുന്നതായി ഫേസ്ബുക്കിനെതിരെ വിവിധ രാജ്യങ്ങളിൽ പരാതി ഉയർന്ന സാഹചര്യത്തിലാണ് പുതിയ നടപടികൾ സ്വീകരിക്കുന്നത്