കാർഷികനിയമങ്ങൾ രണ്ടുവർഷം വരെ മരവിപ്പിക്കാം: കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കാർഷികനിയമങ്ങൾ ഒന്നര മുതൽ രണ്ടുവർഷം വരെ മരവിപ്പിക്കാമെന്ന് കേന്ദ്ര സർക്കാർ. സംയുക്ത സമിതി രൂപവത്കരിച്ച് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ നേതൃത്വത്തിൽ ബുധനാഴ്ച നടന്ന പത്താംവട്ട ചർച്ചയിലാണ് സംയുക്ത കിസാൻ മോർച്ച നേതാക്കൾക്കുമുന്നിൽ ഈ നിർദേശം വെച്ചത്. കൂടിയാലോചിച്ച ശേഷം തീരുമാനമറിയിക്കാമെന്ന് കർഷകനേതാക്കൾ പറഞ്ഞതിനെത്തുടർന്ന് വെള്ളിയാഴ്ച വീണ്ടും ചർച്ച നടത്താമെന്ന ധാരണയിൽ യോഗം പിരിഞ്ഞു. ഏതുസമരവും ദീർഘകാലത്തേക്ക് നീണ്ടുനിൽക്കുന്നത് സമൂഹത്തിന് ഗുണകരമല്ല. പരസ്പരം യോജിക്കാവുന്ന ഒരു മധ്യതലം കണ്ടെത്തി പരിഹാരത്തിനായി ഇരുപക്ഷവും ശ്രമിക്കണമെന്ന് ആർ.എസ്.എസ്. ജനറൽ സെക്രട്ടറി സുരേഷ് ജോഷി പറഞ്ഞു. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ കർഷകർക്ക് വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും കൃഷിമന്ത്രി അറിയിച്ചു.