മനാമ: അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന് ബഹ്റൈൻ രാജാവിന്റേയും കിരീടാവകാശിയുടേയും അഭിനന്ദനം.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് നല്ല ആരോഗ്യവും, സന്തോഷവും ഉണ്ടാവട്ടെ എന്നും, പ്രസിഡന്റ് ചുമതലകൾ നിർവഹിക്കുന്നതിൽ വിജയം കൈവരിക്കാനും അമേരിക്കൻ ജനതയെ കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കാനും കഴിയട്ടേയെന്നും ബഹ്റൈൻ രാജാവും, പ്രധാനമന്ത്രിയും ആശംസിച്ചു.
120 വർഷമായി ഇരുരാജ്യങ്ങൾക്കുമിടയിൽ തുടരുന്ന സൗഹൃദം ഇനിയും ദൃഢമായി നിലനിൽക്കുമെന്ന് ഹമദ് രാജാവും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും പറഞ്ഞു. കൂടാതെ, വൈസ് പ്രസിഡന്റ് ആയി സ്ഥാനമേറ്റ കമലാ ഹാരിസിനും ബഹ്റൈൻ കിരീടാവകാശി അഭിനന്ദനങ്ങൾ അറിയിച്ചു.
ബഹ്റൈന്റേയും, അമേരിക്കൻ ഐക്യനാടുകളുടേയും വിവിധ മേഖലകളിലെ ബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും, സംയുക്ത സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനും, രണ്ട് സഹൃദ രാജ്യങ്ങളുടേയും ജനങ്ങളുടേയും എല്ലാ താൽപ്പര്യങ്ങളും സംരക്ഷിക്കാനും തുടർന്നും മുന്നോട്ടു പോകാൻ കഴിയുമെന്ന് ഹമദ് രാജാവും, പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും പ്രത്യാശ പ്രകടിപ്പിച്ചു.
 
								 
															 
															 
															 
															 
															








