2019നെ അപേക്ഷിച്ച് 2020ൽ ബഹ്റൈനിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ 11% ഇടിവ്; പകർച്ചവ്യാധിയുടെ സാഹചര്യത്തെ വിപണി അതിജീവിച്ചത് ശുഭസൂചനയെന്ന് വിലയിരുത്തൽ

മനാമ: റിയൽ എസ്റ്റേറ്റ് വ്യാപാരത്തിന്റെ അളവ് 2020 ൽ 717,436,872 ബഹ്റൈൻ ദിനാർ ആയിരുന്നെന്ന് സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ (എസ്‌എൽ‌ആർ‌ബി) പ്രസിഡന്റും, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (ആർ ഇ ആർ എ) യുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനുമായ ഷെയ്ഖ് സൽമാൻ ബിൻ അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. 2019 ൽ 808,934,154 ബഹ്റൈൻ ദിനാർ ആയിരുന്നു വ്യാപാരത്തിൽ 11% ത്തിന്റെ കുറവ് രേഖപ്പെടുത്തി.

എന്നിരുന്നാലും, 2020 ന്റെ രണ്ടാം പകുതിയിൽ ഈ മേഖല കുതിച്ചുയർന്നതായും, മൂന്നാം, നാലാം പാദങ്ങളിൽ യഥാക്രമം 14%, 20% വർദ്ധനവുണ്ടായതായും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് വ്യാപനവും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും സൃഷ്ടിച്ച അസാധാരണമായ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഫലങ്ങൾ പോസിറ്റീവ് ആയി കണക്കാക്കാമെന്ന് ഷെയ്ഖ് സൽമാൻ ബിൻ അബ്ദുല്ല സൂചിപ്പിച്ചു.

സാമ്പത്തിക പ്രവർത്തനങ്ങൾ, പ്രത്യേകിച്ച്, റിയൽ എസ്റ്റേറ്റ് മേഖലയെ പിന്തുണയ്ക്കാൻ സർക്കാർ സ്വീകരിച്ച നടപടികളുടെ ഫലമായാണ് കഴിഞ്ഞ വർഷം രണ്ടാം പകുതിയിൽ നേടിയ നല്ല ഫലങ്ങൾ. പകർച്ചവ്യാധി പടരാതിരിക്കാൻ മുൻകരുതൽ നടപടികൾ നടപ്പിലാക്കുന്നതോടൊപ്പം തന്നെ, സുപ്രധാന സാമ്പത്തിക മേഖലകളുടെ തുടർച്ച ഉറപ്പാക്കാൻ ഉചിതമായ അന്തരീക്ഷം നൽകുന്നതിനും ഗവൺമെന്റ് ശ്രദ്ധ ചെലുത്തിയത് കഴിഞ്ഞ വർഷത്തെ രണ്ടാം പകുതിയിലെ വളർച്ചയ്ക്ക് കാരണമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി

അത്തരം സാഹചര്യങ്ങളിൽ ഇടപാടുകൾ സുഗമമാക്കുന്നതിൽ, നവ സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നത് ഒരു പങ്കുവഹിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന രാജ്യത്തിന്റെ നിയമങ്ങളും, അതിനായി സർക്കാരിന്റെ പിന്തുണയും കണക്കിലെടുക്കുമ്പോൾ, രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖല നിക്ഷേപം ആകർഷിക്കുന്ന അന്തരീക്ഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി.