ഒരിടവേളക്ക് ശേഷമുണ്ടായ കോവിഡ് വ്യാപനത്തിലെ വർദ്ധനവ് പൊതുജനങ്ങളുടെ അനാസ്ഥ മൂലമാണെന്ന് നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്‌സ്

മനാമ: ബഹ്റൈനിൽ കഴിഞ്ഞ ദിവസങ്ങളായി കോവിഡ് നിരക്ക് കുത്തനെ ഉയരുന്നത് പൊതുജനങ്ങൾ ഗവൺമെന്റിന്റെ രോഗ പ്രതിരോധ ശ്രമങ്ങളുമായി സഹകരിക്കാത്തത് കൊണ്ടാണെന്ന് നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്‌സ് പ്രതിനിധികൾ പറഞ്ഞു.
നിയന്ത്രണ വിധേയമായിരുന്ന രോഗവ്യാപനം, കഴിഞ്ഞ ആഴ്ചകളിൽ കുത്തനെ കൂടിയിട്ടുണ്ട്. ഡിസംബർ 14 മുതൽ 30 വരെയുള്ള ദിവസങ്ങളേ അപേക്ഷിച്ച് ജനുവരി 1 മുതൽ 18 വരെയുള്ള കാലയളവിൽ രോഗവ്യാപനം 43% ആണ് വർദ്ധിച്ചത്. ജനങ്ങൾ പ്രതിരോധ നടപടികൾ പലിക്കുന്നതിൽ വീഴ്ച വരുത്തിയതാണ് രോഗവ്യാപനനിരക്ക് ഉയരുന്നതിന് കാരണമെന്ന് ടാസ്ക് ഫോഴ്‌സ് ചൂണ്ടിക്കാട്ടി.

എന്നാൽ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും, ജാഗ്രത മതിയെന്നും നാഷണൽ ടാസ്ക് ഫോഴ്‌സ് വക്താവ് ലെഫ് കെർണൽ മനാഫ് അൽ കഹ്ത്താനി വ്യക്തമാക്കി. വിവിധ മന്ത്രാലയങ്ങളുടേയും അധികാരികളുടേയും ടാസ്ക് ഫോഴ്സിന്റേയും നിയമങ്ങളും നിർദ്ദേശങ്ങളും പൗരന്മാരും പ്രവാസികളും കണിശമായി പാലിക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു.

ജനങ്ങൾ നിയമങ്ങൾ ലംഘിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിനായി, വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയങ്ങളുമായി ഏകോപ്പിച്ചുകൊണ്ട് ആരോഗ്യ മന്ത്രാലയം പരിശോധനകൾ തുടരുമെന്ന് ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് ഖലീഫ അൽ മനീയ വ്യക്തമാക്കി. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് റെസ്റ്റോറന്റുകൾ, കഫേകൾ, ബ്യൂട്ടി സലൂണുകൾ, ബാർബർ ഷോപ്പുകൾ, ജിമ്മുകൾ എന്നിവയിൽ പരിശോധന കർശനമാക്കും. വ്യാവസായിക, വാണിജ്യ സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും ഡോ. അൽ മാനിയ കൂട്ടിച്ചേർത്തു.

ഇതുവരെ 1,43,596 പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ടെന്നും, ജനുവരിയിൽ എത്തിച്ചേരേണ്ടിയിരുന്ന ഫൈസർ-ബയോടെക് വാക്സിനുകളുടെ ഇറക്കുമതി നിർമ്മാതാക്കളുടെ ഭാഗത്തുനിന്നുള്ള ഉൽപാദന, വിതരണ പ്രക്രിയകൾ കാരണം പുന ക്രമീകരിക്കേണ്ടി വന്നെങ്കിലും, വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നവരെ ഇത് ബാധിക്കില്ലെന്നും, രജിസ്റ്റർ ചെയ്ത രോഗികൾക്ക് വാക്സിനേഷൻ സ്റ്റോക്കുകൾക്ക് അനുസൃതമായി അവരുടെ ഡോസുകൾ ലഭിക്കുമെന്നും,പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നതിന് മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ ആരംഭിച്ചതായും ഡോ. അൽ മാനിയ വ്യക്തമാക്കി.

അനാവശ്യമായി കണ്ണിലും മൂക്കിലും വായിലും സ്പർശിക്കാതിരിക്കുക, വ്യക്തികൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുക, വൈറസ് ബാധ തടയാൻ മുഖാവരണം ഉപയോഗിക്കുക, കൈകൾ അണു വിമുക്തമാക്കാൻ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക,വ്യക്തിശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റോളം നന്നായി കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക തുടങ്ങി രോഗവ്യാപനം തടയാൻ വ്യക്തിപരമായി സ്വീകരിക്കേണ്ട നടപടികളേക്കുറിച്ച് സൽമാനിയ മെഡിക്കൽ കോംപ്ലക്സ് പ്രതിനിധി ഡോ. ജമീല അൽ സൽമാൻ വാർത്ത സമ്മേളത്തിൽ വിശദീകരിച്ചു.

ബഹ്റൈനിൽ നിലവിൽ ഐസോലെഷൻ കേന്ദ്രങ്ങളിൽ 5202 ബെഡുകൾ ഉണ്ടെന്നും, ഇതിൽ 2241 ബെഡുകൾ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്നും,
രാജ്യത്തു നിലവിൽ 2960 പേർ മാത്രമാണ് ചികിത്സയിലുള്ളതെന്നും, ഇതിൽ 15 പേരൊഴിച്ചു എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും, ഇതുവരെയായി 94,937 പേർ രോഗമുക്തി നേടിയെന്നും ഡോ. ജമീല അൽ സൽമാൻ പറഞ്ഞു.