‘വിമൻ ഓഫ് ഇന്ത്യ സീരീസ് ബഹ്‌റൈൻ’ ഇനി ‘വിമൻ എക്രോസ്’; പുതുവർഷത്തിൽ പുതിയ പേരും ലോഗോയും പ്രകാശനം ചെയ്തു

മനാമ: ബഹ്‌റൈനിലെ വനിതാ കൂട്ടായ്മയായ വിമൻ ഓഫ് ഇന്ത്യ സീരീസ് പുതുവർഷത്തിൽ പുതിയ പേരും ലോഗോയും സ്വീകരിച്ചു. വിമൻ എക്രോസ് എന്നാണ് പുനർനാമകരണം ചെയ്തത്. ബഹ്റൈനിലെ പ്രമുഖ വനിതാ സംരംഭകയും, ഷൂറ കൗൺസിൽ അംഗവുമായ മോനാ അൽമോയിദ് കൂട്ടായ്മയുടെ പുതിയ ലോഗോ അനാച്ഛാദനം ചെയ്തു. വിമൻ എക്രോസ് പ്രതിനിധികൾക്കൊപ്പം അൽമോയിദിന്റെ ഓഫീസിലാണ് ലോഗോ അനാച്ഛാദനവും വാർഷിക കലണ്ടറിന്റെ ആദ്യ പകർപ്പ് കൈമാറ്റവും സംഘടിപ്പിച്ചത്. കലണ്ടറിൽ കഴിഞ്ഞ മാസം കൂട്ടായ്മ നടത്തിയ നടത്തിയ കുട്ടികളുടെയും സ്ത്രീകളുടെയും ഡ്രോയിംഗ് മത്സരത്തിലെ സമ്മാനാർഹമായ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയത്.

ഒരു കൊച്ചു ഗ്രൂപ്പായ് ആരംഭിച്ച കൂട്ടായ്മക്ക് ചുരുങ്ങിയ കാലത്തിനിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കോവിഡ് പ്രതിസന്ധിക്കിടയിലും പരിപാടികൾ വെർച്വൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റേണ്ടിവന്ന സാഹചര്യത്തിൽ കൂടുതൽ സ്ത്രീ ജനങ്ങളുടെ പങ്കാളിത്തം ദേശങ്ങളുടെയോ ഭാഷകളുടെയോ അതിർവരമ്പുകളില്ലാതെ കൂട്ടായ്മക്ക് ലഭിച്ചിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് പരമ്പരയിലോ രാജ്യത്തോ പരിമിതപ്പെടുത്താതെ വിശാലമായൊരു പ്ലാറ്റ്ഫോമിലേക്ക് കൂട്ടായ്മയെ പുനർനാമകരണം ചെയ്തതെന്ന് സ്ഥാപകരിലൊരാളായ സുമിത്ര പ്രവീൺ പറഞ്ഞു.

വിമൻ എക്രോസ് വിജയികളുടെ ഡ്രോയിംഗുകൾ ഉൾക്കൊള്ളുന്ന കലണ്ടർ കൊണ്ടുവന്നതിന് വലിയ പിന്തുണ നൽകിയ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിനും കൂട്ടായ്മയുടെ വളർച്ചക്കായി യാത്രയിൽ ഉടനീളം അനുഗ്രഹങ്ങളും പിന്തുണയും നൽകിയ എല്ലാവർക്കും കടപ്പാടുകൾ അറിയിക്കുന്നതായും സുമിത്ര പ്രവീൺ കൂട്ടിച്ചേർത്തു.