ജോലി സ്ഥലത്ത് വെച്ച് അപകടം സംഭവിച്ച പ്രവാസിക്ക് കൈത്താങ്ങായി ആലപ്പുഴ പ്രവാസി അസോസിയേഷൻ

മനാമ: ജോലി സ്ഥലത്ത് വെച്ച് അപകടം സംഭവിച്ച് ചികിത്സയിൽ കഴിയവെ വിസ മാറുന്നതിന് തടസ്സം വന്ന് റൂമിലായ ആലപ്പുഴ മാവേലിക്കര സ്വദേശി സി. ആർ. ജോസഫിന് കൈത്താങ്ങായി ആലപ്പുഴ പ്രവാസി അസോസിയേഷൻ. ഒരു മാസക്കാലം അദ്ദേഹത്തിൻറെ റൂമിൽ മൂന്നുനേരം ഭക്ഷണം എത്തിക്കാനും അതോടൊപ്പം തന്നെ ചികിത്സ കാര്യങ്ങളിലും ശ്രദ്ധാപൂർവ്വം ഇടപെടാനും, വിസയിൽ ഉണ്ടായിരുന്ന ട്രാവൽ ബാൻ മാറ്റുന്നതിനുള്ള ധനസഹായം ചെയ്യുന്നതിലും അസോസിയേഷൻ മുൻകൈ എടുക്കുകയുണ്ടായി. മറ്റൊരു സംഘടനയുടെ സഹായത്തോടെ നാട്ടിലേക്കുള്ള ടിക്കറ്റും, യാത്രാ ചിലവിനും ചികിത്സ ധനസഹായവുമായി 231 ദിനാറും ആലപ്പുഴ പ്രവാസി അസോസിയേഷൻ കൈമാറിയതായി ഭാരവാഹികൾ അറിയിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ അനീഷ് മാളികമുക്ക്, അജ്മൽ കായംകുളം എന്നിവരുടെ സാന്നിധ്യത്തിൽ സംഘടനയുടെ വൈസ് പ്രസിഡണ്ട് ഹാരിസ് വണ്ടാനം അദ്ദേഹത്തിനുള്ള ധനസഹായതുക കൈമാറി. പ്രയാസഘട്ടത്തിൽ സഹായം ചെയ്യാൻ സന്നദ്ധത കാണിച്ച എല്ലാ പ്രവർത്തകരേയും സംഘടനകളേയും ആലപ്പുഴ പ്രവാസി അസോസിയേഷൻ അനുമോദിച്ചു.