മാധവം വിഷു ദിനത്തിൽ നടൻ ജയസൂര്യ റിലീസ് ചെയ്യും

മനാമ: രാധാകൃഷ്ണ പ്രണയത്തിൻ്റെ ആഴവും അഴകും വിരഹ വേദനയുടെ ആഴ കാഴ്ചകളു മൊരുക്കിയ നൃത്ത സംഗീതാവിഷ്ക്കാരമായ മാധവം വിഷുനാളായ എപ്രിൽ 14 ന് പ്രശസ്ത മലയാള സിനിമാതാരം ജയസൂര്യ തൻ്റെ ഒഫിഷ്യൽ ഫേസ് ബുക്ക് പേജിലൂടെ മാധവത്തിൻ്റെ പ്രകാശനം നിർവഹിക്കും. ഇതിനകം പ്രിവ്യൂ ഷോകൾ കണ്ടവരുടെ ഭാഗത്ത് നിന്ന് മാധവത്തിന് മികച്ച പ്രതികരണമാണുണ്ടായത്. കോവിഡ് പ്രതിസന്ധികളെ തുടർന്ന് മാധവത്തിൻ്റെ ഷൂട്ടിങ്ങ് തടസ്സപ്പെടുകയായിരുന്നു, എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത മാധവം ബഹ്റൈനിൽ ഒരു പുതിയ ദൃശാനുഭവത്തിന് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘാടകർ അറിയിച്ചു. മാധവത്തിൻ്റെ ടീസർ റിലിസിങ്ങ് ബഹറൈൻ കേരളീയ സമാജത്തിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണ പിള്ള നിർവഹിച്ചിരുന്നു.

രാധയയായും കൃഷ്ണനായും പകർന്നാടുന്ന മാളവിക സുരേഷിൻ്റെ ഭാവാഭിനയങ്ങൾ പ്രണയാവിഷ്ക്കാരത്തിൻ്റെ സൂക്ഷ്മതലങ്ങളെ പോലും സ്പർശിക്കുന്നതാണ്. നിരവധി നൃത്ത പരിപാടികളിലൂടെ ശ്രദ്ധേയയായ മാളവിക സുരേഷ് ഇന്ത്യൻ സ്ക്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.
കമല, മേലുഹ തുടങ്ങിയ മികച്ച സ്‌റ്റേജ് ഷോകൾ സംവിധാനം ചെയ്ത പ്രമുഖ നൃത്താധ്യാപിക വിദ്യാ ശ്രീകുമാറാണ് മാധവത്തിൻ്റെ ആശയവും ആവിഷ്ക്കാരവും നിർവഹിച്ചിരിക്കൂന്നത് . സൂര്യ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിലുള്ള ഏഷ്യയിലെ തന്നെ പ്രമുഖ കലാസംസ്ക്കാരിക പ്രസ്ഥാനമായ സൂര്യയും , കളേഴ്സ് ബഹറൈനും സംയുക്ത ബാനറിലാണ് മാധവം അവതരിപ്പിക്കുന്നത്
മാധവത്തിലെ ഗാനങ്ങളുടെ സംഗീതവും ആലാപനവും നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത സംഗീതജ്ഞനായ കോട്ടക്കൽ മധുവാണ്. ബഹറൈനിലുള്ള പവിത്ര മേനോനാണ് ഗായിക. ആധുനിക വിഷ്വൽ വിസ്മയങ്ങൾ സമന്വയിക്കുന്ന മാധവത്തിൻ്റെ ക്രിയേറ്റീവ് ഡയറക്ടർ ജേക്കബ് ക്രീയേറ്റീവ് ബീസാണ്. വി.എഫ്.എക്സ് വർക്കുകൾ നിർവ്വഹിച്ചിരിക്കുന്നത് ബിജു ഹരിയും, സൂര്യ പ്രകാശും ചേർന്നാണ്. ലളിത ധർമ്മരാജാണ് മേക്കപ്പ് നിർവഹിച്ചിരിക്കുന്നത്.