പുത്തൻ പ്രതീക്ഷകളുടെ ചിറകു വിടർത്തി വിഷു വരവായി; ജമാൽ ഇരിങ്ങൽ എഴുതുന്നു

കോവിഡ് വിതച്ച വറുതികൾക്കിടയിലും പുത്തൻ പ്രതീക്ഷകളുമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുകയാണ്. നാട്ടിലും പ്രവാസലോകത്തും പൊട്ടുച്ചുള്ളുന്ന ചൂടാണെങ്കിലും നമ്മുടെ മനസുകളിൽ കുളിര് കോരിയിട്ടുകൊണ്ടാണ് ഓരോ വിഷുവുംവന്നെത്തുന്നത്. വിഷുവിന്റെ വരവറിയിച്ചു കൊണ്ട് ഒരു നവോഢയെ പോലെ പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നകൾ നമ്മുടെ മനസുകളെ ഈറനണിയിക്കുന്നു. അനിർവചനീയമായ ഗ്രാമീണ സൗന്ദര്യത്തിന്റെയും, കേരളത്തിന്റെ മഹത്തായ കാർഷിക പാരമ്പര്യത്തിന്റെ ഓർമ്മകളിലേക്കുമാണ് ഓരോ വിഷുവും നമ്മെ കൈപിടിച്ചാനയിക്കുന്നത്.

“ഏതു ധൂസര സങ്കല്പത്തില്‍ വളര്‍ന്നാലും ഏതു യന്ത്രവല്കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും
മണവും മമതയും ഒരിത്തിരി കൊന്നപ്പൂവും..”

പ്രകൃതിയെ മറന്നു കൊണ്ട് യന്ത്രവൽകൃത ലോകത്ത് മാത്രം ജീവിക്കുന്ന ആധുനിക മനുഷ്യരോടുള്ള ഒരു ഓർമ്മപ്പെടുത്തലും കൂടിയാണ് വൈലോപ്പിള്ളിയുടെ ഈ വരികൾ. വിഷുവിന്റെ സൗന്ദര്യത്തെ കുറിച്ചും ഓർമ്മകളെ കുറിച്ചും എഴുതാത്ത കവികളോ കഥാകാരന്മാരോ ഉണ്ടാവുകയില്ല. കൊന്നപ്പൂവിന്റെ നൈർമ്മല്യമുള്ള മനസുകൾ അന്യം നിന്ന് പോവുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യകൾ വളർന്ന്  അതിന്റെ ഉത്തുങ്കതയിൽ എത്തിയിട്ടുണ്ടെങ്കിലും മനുഷ്യർ തമ്മിലുള്ള നിഷ്കളങ്കമായ സ്നേഹബന്ധവും സൗഹൃദവും കേവല യാന്ത്രികതയിലേക്ക് ചുരുങ്ങികൊണ്ടിരിക്കുകയാണ്. വിഷുവും ഓണവും പെരുന്നാളും കൃസ്തുമസുമൊക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിലാണ് കൂടുതലും ആഘോഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ആത്മാവ് നഷ്ടപ്പെട്ടുപോയ ആഘോഷങ്ങൾ ആയി മാറിയിരിക്കുന്നു.

നമ്മുടെ നാട് ഇന്നേറെ മാറിപ്പോയിരിക്കുന്നുണ്ട് . “തിരുവാതിരയിൽ തിരി മുറിയാതെ” , “ചോതി പെയ്താൽ ചോറുരച്ചു” , പുണർതം പുകഞ്ഞ പോലെ” തുടങ്ങിയ പഴഞ്ചൊല്ലുകൾ നമ്മുടെ കാലാവസ്ഥയുടെയും പ്രകൃതി സന്ദര്യത്തിന്റെയും പ്രതീകങ്ങൾ കൂടിയായിരുന്നു. എങ്ങും സുലഭമായിരുന്ന നീർത്തടങ്ങളും ഉറവകളും വറ്റിപോയിട്ടുണ്ട്. പണ്ടെങ്ങുമില്ലാത്ത ചൂട് ഭൂമിയെ ചുട്ടു പൊള്ളിക്കുന്നു. ആഗോളതാപനവും ഓസോൺ പാളിയിലെ വിള്ളലുമൊക്കെ യാദൃശ്ചികമായി സംഭവിച്ചതല്ല. പ്രകൃതിയെ പരിഗണിക്കാതെയുള്ള മനുഷ്യരുടെ അടങ്ങാത്ത ആർത്തിയുടെ പ്രതിഫലനങ്ങൾ മാത്രമാണിത്. സമ്മിശ്രമായ കാലാവസ്ഥ കൊണ്ട് അനുഗ്രഹീതമായ കേരളം ഇന്ന് ആകെ മാറിയിരിക്കുന്നു. കാലം തെറ്റി പെയ്യുന്ന മഴയും മുമ്പെങ്ങുമില്ലാത്ത ചൂടും വിഷലിപ്തമായ മണ്ണും  ഇടക്കിടക്ക് ഉണ്ടാവുന്ന പ്രളയങ്ങളുമൊക്കെ ഭൂമിയോട് നാം ചെയ്തുകൂട്ടിയ  നമ്മുടെ അതിക്രമത്തിന്റെ തിക്ത ഫലങ്ങളാണ്.

ഓണവും വിഷുവും യഥാർത്ഥത്തിൽ രണ്ടു കാർഷികോത്സവങ്ങളും കൂടിയാണ്. വിഷു കാർഷിക വർഷാരംഭവും ഓണം കൊല്ലവർഷാരംഭവുമാണ്. എ.ഡി.825 വരെ മേടം ഒന്ന് തന്നെയായിരുന്നു വർഷാരംഭമായി കണക്കാക്കിയിരുന്നതെന്ന് പറയപ്പെടുന്നു. പിന്നീട് അന്നത്തെ തിരുവിതാം കൂർ രാജാവായ ഉദയമാർത്താണ്ഡ വർമയുടെ കാലത്താണ് കൊല്ലത്ത് വെച്ച് പ്രകൃതി ശാസ്ത്ര പണ്ഡിതന്മാരുടെ ഒരു  സമ്മേളനം അദ്ദേഹം  വിളിച്ചു ചേർത്ത് പുതിയ തീരുമാനത്തിലേക്കെത്തുന്നത്. കാർഷിക വൃത്തിയുടെ ലളിത ജീവിതം നയിച്ചിരുന്ന മലയാളി ഇന്നാകെ മാറിപോയിട്ടുണ്ട്. വിഷുവിനു  വിത്തുകൾ വിതക്കുന്നതും ഓണത്തിന് അതിന്റെ വിളവെടുപ്പ് നടത്തുന്നതുമൊക്കെ ഇന്ന് ഓർമ്മകൾ മാത്രമാണിന്ന്.

വിഷുവിനെ കുറിച്ചു  പല ഐതിഹ്യങ്ങളും പറയപ്പെടുന്നുണ്ട്. അതിലൊന്നാണ് ശ്രീ കൃഷ്ണൻ നരകാസുരനെ വധിച്ചതുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യം. അഹങ്കാരിയും മഹാ ശക്തനുമായ   നരകാസുരന്റെ ശല്യവും ഉപദ്രവവും വർധിച്ചപ്പോൾ  കൃഷ്ണനും  സത്യഭാമയും  ഗരുഡന്റെ കൂടെ  നരകാസുരന്റെ രാജ്യമായ  പ്രാഗ് ജോതിഷത്തിലേക്ക് പോയി. അവിടെ വെച്ച് അവർ  നരകാസുരനുമായി ഘോരയുദ്ധത്തിൽ ഏർപ്പെടുകയും നരകാസുരനെ വധിക്കുകയും ചെയ്തു.  ഈ വധം നടക്കുന്നത് വസന്തകാലാരംഭത്തിലായിരുന്നുവത്രെ. ഈ ദിനമാണ് വിഷുവായി ആഘോഷിക്കപ്പെടുന്നതെന്നാണ് പറയപ്പെടുന്നത്.

മറ്റൊരു ഐതിഹ്യം രാമായണത്തിലെ രാവണനുമായി ബന്ധപ്പെട്ടതാണ്.  ഉറങ്ങുമ്പോൾ തന്റെ മുഖത്തേക്ക് സൂര്യോദയ സമയത്തെ വെയിൽ അടിച്ചപ്പോൾ അതിൽ ക്ഷുഭിതനായ രാവണൻ പിന്നീട് സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ല. ശ്രീ രാമനുമായുള്ള യുദ്ധത്തിൽ രാവണൻ വധിക്കപ്പെട്ടതിനെ തുടർന്നാണ് സൂര്യൻ നേരെ ഉദിക്കാൻ തുടങ്ങിയത്. ഈ സന്തോഷ സൂചകമായിട്ടാണ് വിഷു ആഘോഷിക്കപ്പെടുന്നതെന്നതാണത്. വിഷുവിന്റെ തലേന്ന് വീട്ടുപരിസരത്തുള്ള ചപ്പുചവറുകളൊക്കെ കൂട്ടിയിട്ട് കത്തിക്കുന്ന പതിവ് ഇന്നും നാട്ടിൽ പലയിടത്തും കാണാം. ഇത് ശ്രീരാമന്റെ രാവണവധത്തിന് ശേഷം നടന്ന ലങ്കാദഹനവുമായി ബന്ധപ്പെട്ടതാണെന്ന് ചിലരൊക്കെ വിശ്വസിക്കുന്നു.

അതിഹ്യങ്ങൾക്കപ്പുറം നമ്മെ ഒരുപാട്  നന്മകളിലേക്കും അതിലേറെ  പ്രതീക്ഷകളിലേക്കും നയിക്കുന്നുവെന്നതാണ് വിഷുവിന്റെ പ്രാധാന്യം. രാത്രിയൊരുക്കിവെക്കുന്ന കണി പുലർച്ചെ കണ്ണ് നിറയെ കണ്ടു  കൊണ്ടാണല്ലോ വിഷു ആരംഭിക്കുന്നത്. തേച്ചു മിനുക്കിയ ഓട്ടുരുളിയിൽ ദീപത്തെ സാക്ഷിയാക്കിയാണ് കണി ഒരുക്കുന്നത്. താംബൂലം, എട്ടു തരം ധാന്യങ്ങൾ, കുങ്കുമം, ഗ്രന്ഥം, കണ്ണാടി, വസ്ത്രങ്ങൾ,വെത്തിലയും അടയ്ക്കയും, കണിക്കൊന്ന, പച്ചമാങ്ങ, നാളികേരം, അണ്ടിപ്പരിപ്പ്, ചക്ക, കൈത ചക്ക, ഏത്തപ്പഴം, കണിവെള്ളരി, പച്ചക്കറികൾ, ആഭരണങ്ങൾ, വെള്ളം നിറച്ച കിണ്ടി, നിറ പറ, മധുരം തുടങ്ങിയവയൊക്കെയാണ് കണിയിൽ ഒരുക്കിവെക്കുന്നത്. ഇതിലൂടെ സമ്പത്സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ ഒരു വർഷം ലഭിക്കണമെന്ന ആഗ്രഹവും പ്രതീക്ഷയുമാണ് ലഭിക്കുന്നത്.

എന്നാൽ കേവലം ആഗ്രഹങ്ങൾ കൊണ്ട് നമുക്ക് ജീവിതത്തിൽ സമൃദ്ധിയും സന്തോഷവും ലഭിക്കുകയില്ല. നമ്മുടെ കാർഷിക പാരമ്പര്യത്തിലേക്കും പ്രകൃതിയെ പരിഗണിക്കുന്ന ജീവിത ശൈലിയിലേക്കും നാം മാറിയേ തീരൂ. രാസവളം ഇട്ട് വിളയിച്ചെടുക്കുന്ന പച്ചക്കറികളും പഴങ്ങളുമാണിന്ന് മലയാളികളിലേറെ പേരും ഭക്ഷിച്ചുകൊണ്ടിരിക്കുന്നത്. പണ്ടൊക്കെ ഏത് വീട്ടുവളപ്പിലും പലതരത്തിലുള്ള കൃഷികൾ ഉണ്ടാവാറുണ്ടായിരുന്നു. ഇന്നതൊക്കെ അന്യം നിന്നുപോയിരിക്കുകയാണ്. കേൻസർപോലെയുള്ള  മാരകരോഗങ്ങൾ ഇന്ന് സർവ സാധാരണമായിരിക്കുന്നു.  ഇതിന്റെ പ്രധാനപ്പെട്ട കാരങ്ങളിലൊന്ന് ഭക്ഷണത്തിലൂടെയുള്ള വിഷബാധയെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ജീവിതശൈലീ രോഗങ്ങളും ഇന്ന് സാർവ ത്രികമാണ്. പണ്ടൊക്കെ വയലിൽ അത്യധ്വാനം ചെയ്തിരുന്ന നമ്മുടെ പൂർവികർ ഇന്ന് കെട്ടുകഥകളായിട്ടാണ് പുതിയ തലമുറ കേൾക്കുന്നത്. കൈക്കോട്ടും പടന്നയുമൊക്കെ ഇന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട്  ആത്മ നിർവൃതി അടയുകയാണ് പുതിയ കാലത്തെ മലയാളി.

വറുതിയുടെ നാളുകളിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഈ വറുതിയിലും നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ വിഷു നമുക്ക്  നൽകുന്നുണ്ട്. ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും സ്വാഭാവികമാണ് എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം. ഏത് പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള മനക്കരുത്തും ഉണ്ടാക്കിയെടുക്കണം. ഒരു വാതിൽ അടയുമ്പോൾ മറ്റു വാതിലുകൾ നമുക്കായി തുറക്കപ്പെടുമെന്നുള്ള ചിന്തയാണ് എപ്പോഴും ഉണ്ടാവേണ്ടത്. നിസാരമായ കാരണങ്ങൾ കൊണ്ട് ആത്മഹത്യയിലേക്ക് നടന്നടുക്കുന്നവരുടെ എണ്ണം മലയാളികൾക്കിടയിൽ ഭീകരമായ രീതിയിലാണ് വർധിക്കുന്നത്. പ്രവാസലോകത്തും ആത്മഹത്യ വല്ലാതെ വർധി ക്കുന്നുണ്ട്. ജീവിതത്തെ നേരിടാൻ ധൈര്യമില്ലാത്ത ഭീരുക്കളാണ് യഥാർത്ഥത്തിൽ ആത്മഹത്യയുടെ വഴി തെരഞ്ഞടുക്കുന്നത്.

അതോടൊപ്പം ഓരോ ആഘോഷങ്ങളും മറ്റുള്ളവരെ കൂടി ചേർത്തുപിടിച്ചു കൊണ്ടായിരിക്കണം. ഇല്ലാത്തവനെ ഊട്ടാനും അവന്റെ പ്രശ്നങ്ങളെ കേൾക്കാനും നമുക്ക് ഓരോ ആഘോഷ അവസരങ്ങളും പ്രചോദിതമാവണം. വിഷുവിനു നൽകപ്പെടുന്ന കൈനീട്ടം ഒരർത്ഥത്തിൽ ഈ കൊടുക്കലിനെയാണ് സൂചിപ്പിക്കുന്നത്. തന്റെ പ്രയാസങ്ങൾക്കിടയിലും മറ്റുള്ളവർക്ക് നൽകാനുള്ള മനസിനെയാണ് അത് പ്രതിനിധീകരിക്കുന്നത്.

എല്ലാവര്‍ക്കും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു ആശംസകൾ

– ജമാൽ ഇരിങ്ങൽ (പ്രസിഡൻ്റ്, ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ)