ഇന്ന് ലോക ആരോഗ്യ ദിനം: കെട്ടിപ്പടുക്കാം ആരോഗ്യപൂർണമായ ലോകം

ഇന്ന് ലോക ആരോഗ്യ ദിനം (World Health Day) ആചരിക്കുകയാണ്. 1948 ഏപ്രിൽ ഏഴാം തീയതി രൂപീകൃതമായ ലോകാരോഗ്യസംഘടനയുടെ സ്ഥാപക വാർഷികദിനം എല്ലാ കൊല്ലവും ലോകാരോഗ്യ ദിനമായി ആചരിക്കുന്നു. ശാരീരികമായ ആരോഗ്യത്തെ കൂടാതെ മാനസികവും സാമൂഹികവുമായ ആരോഗ്യത്തെ കൂടി സംരക്ഷിക്കണമെന്ന് ഈ ദിനം ഓർമിപ്പിക്കുന്നു. ഈ വർഷത്തെ ലോക ആരോഗ്യ ദിന സന്ദേശ വാചകം ” കെട്ടിപ്പടുക്കാം, ന്യായയുക്തവും ആരോഗ്യപൂർണമായ ലോകം” (building a fairer healthier world) എന്നതാണ്. കോവിഡ് മഹാമാരി പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഏറെ പ്രസക്തമായ സന്ദേശമാണിത്.

ലോകാരോഗ്യ സംഘടന (WHO) പറയുന്നതനുസരിച്ച് ഒരു മനുഷ്യൻ്റെ ആരോഗ്യം മാനസിക സന്തോഷത്തിലും ക്ഷേമത്തിലുമാണ് അ ടിസ്ഥാനമായിട്ടുള്ളത്. ലോകത്തിൽ നിരവധി ആളുകൾ വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുമ്പോൾ ആരോഗ്യവനായി ഇരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി അവബോധം സൃഷ്ടിക്കാനാണ് ലോക ആരോഗ്യ ദിനം ആചരിക്കുന്നത്.

കോവിഡ്-19 എല്ലാ രാഷ്ട്രങ്ങളെയും ജനവിഭാഗങ്ങളെയും ദോഷകരമായി ബാധിച്ചിട്ടുണ്ടെങ്കിലും ഏറ്റവും പ്രയാസം അനുഭവിക്കുന്നത് മോശമായ ജീവിതസാഹചര്യങ്ങളും ആരോഗ്യ സംവിധാനങ്ങളുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ ആണ്. കൃത്യമായ ആരോഗ്യ സംരക്ഷണ സംവിധാനം ഇല്ലാത്തതുകൊണ്ട് മാത്രം രോഗബാധയും മരണവും നേരിടേണ്ടിവരുന്ന ഇവരുടെ രക്ഷ ആഗോള ഉത്തരവാദിത്തമാണെന്ന് ലോകാരോഗ്യസംഘടന ഓർമിപ്പിക്കുന്നു.

കോവിഡ് മഹാമാരി നിയന്ത്രണവിധേയം ആകണമെങ്കിൽ എല്ലാ രാജ്യങ്ങളിലും രോഗവ്യാപനം തടയേണ്ടതുണ്ട്. ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ആരോഗ്യമേഖലയിലെ ആസൂത്രണ വിദഗ്ധരുമെല്ലാം രാജ്യാന്തരതലത്തിൽ കൂടിച്ചേർന്ന് ചർച്ചചെയ്ത ലോകത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലുള്ള ആരോഗ്യ സംരക്ഷണ നയങ്ങളും പരിപാടികളും വികസിപ്പിക്കുകയും അത് നടപ്പാക്കുകയും ചെയ്യേണ്ടത് ആധുനികലോകത്തെ ആരോഗ്യസംരക്ഷണത്തിന് അനിവാര്യമാണ്.