ശുചീകരണ തൊഴിലാളികൾക്ക് ഇഫ്‌താർ കിറ്റു വിതരണം നടത്തി ഹോപ്പ് ബഹ്‌റൈൻ തൊഴിലാളി ദിനം ആഘോഷിച്ചു

മനാമ: അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ ഇരുന്നൂറോളം ശുചീകരണ തൊഴിലാളികൾക്ക് ഭക്ഷണവിതരണം നടത്തി ഹോപ്പ് ബഹ്‌റൈൻ മെയ് ദിനം ആഘോഷിച്ചു. അദ്ലിയ, ഗുദൈബിയ, മുഹറഖ് എന്നിവിടങ്ങളിലായി മൂന്ന് ലേബർ ക്യാമ്പുകളിലും, സൽമാനിയ ഹോസ്പിറ്റലിലെ ക്‌ളീനിംഗ് തൊഴിലാളികൾക്കുമാണ് ഭക്ഷണ വിതരണം നടത്തിയത്. കോവിഡ് വ്യാപനത്തിന്റെ ഈ കാലത്ത്, ശുചീകരണത്തൊഴിലാളികളുടെ സേവനപ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും, കുറഞ്ഞ വേതനക്കാരായ ഇത്തരം തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കാൻ സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും ഹോപ്പിന്റെ ഭാരവാഹികൾ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നാലിടങ്ങളിലായി നടന്ന ഭക്ഷണ വിതരണത്തിന്, ലിജോ വർഗ്ഗീസ്, പ്രിന്റു ഡെല്ലിസ്, റിഷിൻ വി എം, ജെറിൻ ഡേവിസ്, ജയേഷ് കുറുപ്പ്, ഷാജി എളമ്പിലായി തുടങ്ങിയവർ നേതൃത്വം കൊടുത്തു.