മനാമ: രാജ്യത്തെ ലേബര്‍ ക്യാംപുകളിലെ സുരക്ഷ ഉറപ്പുവരുത്താന്‍ ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ നിര്‍ദേശം നല്‍കി. പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയം, തൊഴില്‍, സാമൂഹിക ക്ഷേമ മന്ത്രാലയം എന്നിവരോട് ഉചിതമായ നടപടി കൈക്കൊള്ളാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ലേബര്‍ ക്യാമ്പുകളുടെ ലൈസന്‍സ്, നിയന്ത്രണങ്ങള്‍, ആരോഗ്യ, സുരക്ഷ മാനദണ്ഡങ്ങള്‍ തുടങ്ങിയവയുടെ വിശദമായ റിപ്പോര്‍ട്ട് മന്ത്രിസഭയ്ക്ക് നല്‍കാന്‍ പൊതുമരാമത്ത് മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ലേബര്‍ ക്യാമ്പുകളില്‍ അമിതമായി ആളുകള്‍ താമസിക്കുന്നത് തടയുക പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ് നടപടിയുടെ ഉദ്ദേശം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലേബര്‍ ക്യാമ്പുകള്‍ കണ്ടെത്തി നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. സ്ഥാപനങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ക്കും പരിഹാര നടപടികള്‍ക്കായി നോട്ടീസ് നല്‍കണം. കൊവിഡ് പ്രതിരോധ നടപടികള്‍ക്കുള്ള നാഷനല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്സ് നിര്‍ദേശിച്ച നടപടികളാണ് സ്വീകരിക്കേണ്ടത് എന്നും അദ്ദേഹം അറിയിച്ചു.
ജനവാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാരേജുകള്‍, വര്‍ക്ക്ഷോപ്പുകല്‍, ലബോറട്ടറികള്‍ എന്നിവയുടെ ലൈസന്‍സുകളുടെ കാലാവധി സംബന്ധിച്ച് പരിശോധന നടത്താനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷിതത്വം മാനിച്ച് എല്ലാ ഇന്‍സ്ട്രിയില്‍ സ്ഥാപനങ്ങളും നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.