മനാമ: ഹോണററി ലീഡര്‍ഷിപ്പ് അവാര്‍ഡ് സ്വന്തമാക്കി ജീവ കാരുണ്യ, യുവജന കാര്യങ്ങള്‍ക്കായുള്ള ബഹ്റൈന്‍ രാജാവിന്റെ പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഹിസ് ഹൈനസ് ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. അദ്ദേഹത്തിന്റെ ജനസേവനത്തിനും ജനങ്ങളോടുള്ള ആത്മാര്‍ത്ഥമായ സമര്‍പ്പണത്തിനുമുള്ള ആദരവായിട്ടാണ് പുരസ്‌കാരം നല്‍കിയിരിക്കുന്നത്. ‘റീജിണല്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി’ അംഗമായ ‘ഇന്റര്‍നാഷണല്‍ ഡോണല്‍ സര്‍വീസ് സെന്ററാണ്’ പുരസ്‌കാരം നല്‍കിയിരിക്കുന്നത്.
നാലാമത് ഡോണേഴ്‌സ് കോണ്‍ഫറന്‍സില്‍ വെച്ച് ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പുരസ്‌കാരം ഏറ്റുവാങ്ങി. ശൈഖ് നാസറിന്റെ അഭാവത്തില്‍ അദ്ദേഹത്തിന് വേണ്ടി റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. മുസ്തഫ അല്‍ സയിദ് അല്‍ അമീന്‍ ആണ് പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടായിരുന്ന കോണ്‍ഫറന്‍സ് നടന്നത്.
ബഹ്‌റൈനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന വ്യക്തിയാണ് ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. ഹമദ് രാജാവിന്റെ കീഴിലുള്ള മികച്ച ഭരണാധികാരികളുടെ പട്ടികയില്‍ മുന്‍നിരയിലുള്ള വ്യക്തി കൂടിയാണ് ശൈഖ് നാസര്‍.