മനാമ: ബഹ്‌റൈനിലെത്തുന്ന യാത്രക്കാര്‍ പാലിക്കേണ്ട കോവിഡ്-19 പ്രതിരോധ മാനദണ്ഡങ്ങളില്‍ ഇളവ്. വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നാല്‍ ഉടന്‍ നടത്തുന്ന പരിശോധനാ ഫലം നെഗറ്റീവായാല്‍ 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ആവശ്യമില്ല. അതേസമയം 10 ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തണമെന്ന നിയമം മാറ്റമില്ലാതെ തുടരും. ഇരു പരിശോധനകളുടെയും ചിലവ് രാജ്യത്തെത്തുന്നവര്‍ സ്വയം വഹിക്കണം. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബഹ്റൈനില്‍ ഇതുവരെ പത്ത് ദിവസത്തെ നീരീക്ഷണത്തില്‍ കഴിഞ്ഞ യാത്രക്കാരില്‍ 0.2 ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് പോസിറ്റീവായതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ടാസ്ക് ഫോഴ്സിൻ്റെ പുതിയ തീരുമാനം.
ഇവയാണ് പ്രധാന തീരുമാനങ്ങള്‍:
1. ബഹ്‌റൈനിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ്-19 പിസിആര്‍ പരിശോധ നിര്‍ബന്ധമാക്കുന്ന നടപടി തുടരും.
2. ബഹ്‌റൈനിലെത്തുന്ന എല്ലാ യാത്രക്കാരും രണ്ട് കോവിഡ് പരിശോധനകളുടെ ചിലവ് സ്വയം വഹിക്കണം. ബഹ്‌റൈനിലെത്തിയ ഉടന്‍ ആദ്യ പരിശോധനയും രണ്ടാമത്തെ പരിശോധന 10 ദിവസത്തിന് ശേഷവുമായിരിക്കും പൂര്‍ത്തീകരിക്കുക. ഇതിനായി രണ്ട് ടെസ്റ്റിനും 30 ദിനാർ വീതം ആകെ 60 ദിനാര്‍ ചിലവ് വരും.
3. രാജ്യത്തെത്തുന്ന എല്ലാവരും ‘ബിഅവയര്‍ ബഹ്‌റൈന്‍'(BeAware Bahrain) ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.
4. വിമാനത്താവളത്തില്‍ നടക്കുന്ന പരിശോധനാ ഫലം നെഗറ്റീവ് ആകുന്ന യാത്രക്കാരുടെ പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ നിയമം റദ്ദാക്കിയിട്ടുണ്ട്.
5. രാജ്യത്തെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തിലെ പരിശോധനാ ഫലം നെഗറ്റീവാകുന്നത് വരെ ആരോഗ്യ മന്ത്രാലയത്തിന്റെ സെല്‍ഫ് ഐസലേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് രേഖാമൂലം ഉറപ്പു നല്‍കണം.
6. 10 ദിവസത്തില്‍ കൂടുതല്‍ തങ്ങുന്ന പൗരന്മാര്‍, യാത്രക്കാര്‍, റെസിഡന്റ് പെര്‍മിറ്റുള്ളവര്‍ തുടങ്ങി എല്ലാവരും രാജ്യത്ത് എത്തിച്ചേര്‍ന്നതിന്റെ പത്താമത്തെ ദിവസം രണ്ടാമത്തെ പരിശോധന പൂർത്തിയാക്കേണ്ടതാണ്.
7. പരിശോധനാ ഫലം പോസിറ്റീവ് ആകുന്നവരുടെ വിവരങ്ങള്‍ ആരോഗ്യമന്ത്രാലയം വഴി അറിയിക്കുന്നതാണ്.
8. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്.