മനാമ: പ്രതിരോധ നടപടിക്രമങ്ങള്‍ പൂര്‍ണമായും അനുസരിക്കുകയെന്നതാണ് കൊവിഡ് വ്യാപനം തടയുന്നതിന് ഏക മാര്‍ഗമെന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലെക്സിലെ അത്യാഹിത വിഭാഗം വിദഗ്ദ്ധന്‍ ഡോ. ജഹദ് ബിന്‍ റജബ്. എല്ലാവരും ഒരുമിച്ച് പരിശ്രമിച്ചാല്‍ മാത്രമെ കൊവിഡ് മഹാമാരിയെ നേരിടാനും രാജ്യം ഏര്‍പ്പെടുത്തിയ പ്രതിരോധ നടപടികള്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വിജയത്തിലെത്തിക്കാനും കഴിയു. ഡോ. ജഹദ് വ്യക്തമാക്കുന്നു.
ബഹ്റൈന്‍ മുന്നോട്ടുവെച്ച പ്രതിരോധ നടപടികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രശംസയും അംഗീകാരവും ലഭിച്ചതും അദ്ദേഹം എടുത്ത് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ മുന്‍കരുതല്‍ ആവശ്യമാണെന്നും രാജ്യം ഏര്‍പ്പെടുത്തിയ നടപടികള്‍ കര്‍ശനമായും പാലിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. രോഗ വ്യാപനത്തിന് പ്രധാന കാരണം ഒത്തുചേരലുകളാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടമാവാത്ത രോഗികളില്‍ നിന്ന് വൈറസ് പടരാന്‍ ഒത്തുച്ചേരലുകള്‍ വഴിയൊരുക്കും.
അശൂറ ദിനത്തില്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം എന്ന് ഡോ. ജഹദ് ഓര്‍മ്മപ്പെടുത്തി. സ്വന്തം സ്ഥലത്ത് ആരോഗ്യ നടപടികള്‍ എല്ലാവരും പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടത് ഓരോരുത്തരുടെയും കടമയാണ്. അതിനാല്‍ ആഘോഷ ദിനങ്ങളില്‍ മാസ്‌ക്ക് ധരിക്കുന്നതിന് പുറമെ കൂടുംബാഗങ്ങളെ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുകയും, സാമൂഹ്യ അകലം പാലിക്കുകയും വേണം എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
 
								 
															 
															 
															 
															 
															








