യമന്‍ പ്രശ്നപരിഹാരത്തിന് രൂപപ്പെട്ട വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ ഹൂതികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് സൗദി സഖ്യസേന. ഐക്യരാഷ്ട്രസഭയോടും രക്ഷാസമിതിയോടുമാണ് അഭ്യര്‍ഥന. തടവുകാരുടെ കൈമാറ്റത്തിന് ഹൂതികളുമായുളള യു.എന്‍ ചര്‍ച്ചക്ക് ജോര്‍ദാന്‍ വേദിയാകും.
ഹൂതികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന ആവശ്യം സഖ്യസേനയിലെ സൗദി, യു.എ.ഇ രാഷ്ട്രങ്ങളും യമന്‍ ഭരണകൂടവുമാണ് അഭ്യര്‍ഥിച്ചത്. 2018 ഡിസംബര്‍ 18നാണ് വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പു വെച്ചത്. ഇതിന് ശേഷം ഹുദൈദ തുറമുഖ നഗരത്തില്‍ മാത്രം ഹൂതികളുടെ ഭാഗത്തുനിന്ന് കരാര്‍ ലംഘനങ്ങളുണ്ടായി. സമാധാനം പുനസ്ഥാപിക്കാന്‍ കഴിയാത്തതിന്‍റെ കുറ്റം ഹൂതികള്‍ക്കും ഇറാനുമാണെന്നു രാജ്യങ്ങള്‍ ആരോപിച്ചു. ഇതിനിടെ യമന്‍ സര്‍ക്കാര്‍ വിഭാഗവും ഹൂതി വിഘടനവാദികളും തമ്മിലുള്ള ചര്‍ച്ചക്ക് ജോര്‍ദാന്‍ വേദിയാകും. തടവുകാരെ കൈമാറാനുള്ള ചര്‍ച്ച അടുത്താഴ്ച നടക്കുമെന്ന് ഐക്യരാഷ്ട്രസഭ പ്രതിനിധി വ്യക്തമാക്കി.