മനാമ: വന്ദേഭാരത് റീപാട്രീഷന്‍ ദൗത്യത്തിന്റെ അടുത്തഘട്ടത്തില്‍ ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്ക് 9 വിമാന സര്‍വീസുകള്‍. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് രണ്ടും കൊച്ചിയിലേക്ക് മൂന്നും വിമാന സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 29 വരെയുള്ള ഘട്ടത്തിലേക്കുള്ള വിമാന ഷെഡ്യൂളുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
സെപ്റ്റംബര്‍ 1, 17 തിയതികളിലാണ് തിരുവനന്തപുരത്തേക്ക് സര്‍വീസ്, സെപ്റ്റംബര്‍ 5, 15, 21 എന്നി തിയതികളില്‍ കൊച്ചിയിലേക്കും 3, 19 തിയതികളില്‍ കോഴിക്കോടെക്കും വിമാനങ്ങളുണ്ട്. സെപ്റ്റംബര്‍ 9, 25 തിയതികളിലാണ് കണ്ണൂരിലേക്കുള്ള വിമാന ഷെഡ്യൂള്‍.
ടിക്കറ്റുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റ് മുഖേനയോ ബഹ്‌റൈനിലെ ഏതെങ്കിലും ട്രാവല്‍ ഏജന്റ് മുഖേനയോ ബുക്ക് ചെയ്യാം. ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കായിരിക്കും യാത്രയ്ക്ക് അനുമതി ലഭിക്കുക. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചായിരിക്കും യാത്ര.