bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ്റെ കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായക സാന്നിധ്യമായി മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റുകൾ; പ്രതിദിനം പരിശോധിക്കുന്നത് 2,300 ലധികം സാംപിളുകള്‍

csm_newmobiletest_d753c07045

മനാമ: ബഹ്റൈനിൽ കൊവിഡ് പ്രതിരോധത്തില്‍ നിര്‍ണായക സാന്നിധ്യമായി മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റുകള്‍. രാജ്യത്തെ വിവിധ മേഖലകളിലെ മാളുകളിലും ക്ലബ്ബുകളിലും മറ്റു പ്രധാന മേഖലകളും കേന്ദ്രീകരിച്ച് നിരവധി പരിശോധനകൾ മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റുകൾ വഴി നടത്തുന്നുണ്ട്. ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് മൊബൈല്‍ യൂണിറ്റുകള്‍ ഇതുവരെ പ്രതിദിനം ശരാശരി പരിശോധിക്കുന്നത് 2,300 സാംപിളുകളാണ്. ദിനംപ്രതി രാജ്യത്തെ ഏകദേശം എട്ടോളം സ്ഥലങ്ങളിലായാണ് മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റ് പരിശോധനകള്‍ നടത്തുന്നത്.

300-400 ടെസ്റ്റുകളാണ് ശരാശരി പ്രതിദിനം ഒരു ടെസ്റ്റിംഗ് യൂണിറ്റ് വഴി നടക്കുന്നത് എന്ന് കൊവിഡ്-19 മൊബൈല്‍ യൂണിറ്റ് ഓഫീസറായ ഡോ. തഗ്രീദ് അജൂര്‍ വ്യക്തമാക്കി. ആരോഗ്യ കേന്ദ്രങ്ങള്‍, ജിമ്മുകള്‍, മാര്‍ക്കറ്റുകള്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടക്കുന്നതെന്നും ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതടക്കമുള്ള കോവിഡ്​ രോഗികളെ കണ്ടെത്തി ചികിത്സ നൽകുകയും വ്യാപനം തടയുകയുമാണ്​ മൊബൈൽ യൂണിറ്റുകളുടെ പരിശോധന വഴി ലക്ഷ്യമിടുന്നതെന്നും​ അവർ പറഞ്ഞു. പരിശോധനക്കിടെ ജനങ്ങളുടെ സംശയങ്ങൾക്ക്​ മറുപടി നൽകുന്നതിനൊപ്പം സാമൂഹിക അകലം പാലിക്കൽ, കൈ കഴുകൽ തുടങ്ങിയ മുൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്ന്​ ഓർമപ്പെടുത്തുക വഴി പൊതുജനങ്ങൾക്കിടയിൽ ബോധവത്​കരണത്തിനും സഹായകമാവുന്നുണ്ടെന്ന് ഡോ.അജൂർ ചൂണ്ടിക്കാട്ടി. ഒരു കൂട്ടായ ശ്രമഫലത്തിലൂടെ കോവിഡ് പ്രതിരോധത്തിന് പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ ആഭ്യന്തര മന്ത്രാലയത്തി​ൻ്റെയും സിവിൽ ഡിഫൻസി​ൻ്റെയും സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് അവർ എടുത്തുപറഞ്ഞു.

കൊവിഡ് വ്യാപനം തടയാന്‍ ബഹ്റൈന്‍ മുന്നോട്ടുവെച്ച പ്രതിരോധ നടപടികള്‍ ആഗോളതലത്തില്‍ തന്നെ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. രാജ്യത്ത് ഇതുവരെ 10 ലക്ഷത്തിലധികം പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി പ്രതിരോധരംഗത്ത് നാഴികക്കല്ല് സൃഷ്ടിക്കാൻ ബഹ്റൈന് ആയിട്ടുണ്ട്. ‘ട്രേസ്, ടെസ്റ്റ്, ട്രീറ്റ്’ എന്ന കോവിഡ് പ്രതിരോധ സമവാക്യം ഏറ്റവും മികച്ച രീതിയിൽ പിന്തുടരുന്ന ലോകരാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈൻ ഏറെ മുന്നിലാണെന്ന് ആരോഗ്യ മന്ത്രി ഫയീഖ ബിൻത് സെയ്ദ് അൽ സലേഹ് യുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തിയിരുന്നു. രാജ്യത്തുള്ള 67.5% പേരിലും നിലവിൽ പരിശോധന പൂർത്തീകരിച്ചു. ആകെ പരിശോധനക്ക് വിധേയമാക്കിയവരിൽ 4.8% പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്ഥിരീകരിച്ചവരിൽ തന്നെ 92.2% പേർക്കും രോഗമുക്തി കൈവരിക്കാനായെന്നതും ബഹ്റൈൻ കൈവരിച്ച അപൂർവ നേട്ടങ്ങളിലൊന്നാണ്. രാജ്യത്തെ ആരോഗ്യമേഖലയിലെ മുൻനിര പോരാളികളുടെ കഠിന പ്രയത്നവും ജനങ്ങളുടെ സഹകരണവും ഒന്നുകൊണ്ട് മാത്രമാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡിനെതിരായുള്ള പോരാട്ടത്തിൽ തുടർന്നും മികച്ച രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!