മനാമ: ചികിത്സയ്ക്കും, മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുമായി നോര്‍ക്ക റൂട്ട്‌സ് പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗജന്യ ആംബുലന്‍സ് സൗകര്യം നൂറില്‍പരം ആളുകള്‍ക്ക് പ്രയോജനപ്പെട്ടുവെന്ന് കേരളീയ സമാജം പ്രസിഡണ്ട് പി. വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ അറിയിച്ചു.
നൂറില്‍പരം ആളുകള്‍ക്ക് കൈത്താങ്ങുവാന്‍ സൗജന്യ ആംബുലന്‍സ് സര്‍വീസിന് കഴിഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം റിഫയില്‍ ഗ്യാരേജില്‍ വെച്ച് മരണമടഞ്ഞ് എമിറേറ്റ്‌സ് എയര്‍ലൈന്‍ വഴി നാട്ടിലേക്ക് കൊണ്ടുപോകുന്ന ജില്‍സുവിന്റെയും, രാജീവിന്റെയും മൃതദേഹങ്ങള്‍ക്ക് ആവശ്യമായ ആംബുലന്‍സ് സൗകര്യം ഒരുക്കുക വഴി 102മത്തെ സൗജന്യ സേവനം പൂര്‍ത്തിയാക്കുകയാണ്. കോവിഡ് മഹാമാരി സമയത്തും വളരെ കൃത്യതയോടെ സര്‍വീസ് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നു എന്നതിന് നോര്‍ക്കയോടുള്ള നന്ദിയും സമാജം എക്‌സിക്യൂട്ടീവ്ര് കമ്മിറ്റി രേഖപ്പെടുത്തി.
കേരള സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്‌സ് ഔദ്യോഗിക ഹെല്‍പ്പ് ഡെസ്‌ക് കേരളത്തിന് പുറത്ത് ബഹ്റൈന്‍ കേരളസമാജത്തില്‍ മാത്രമാണുള്ളത്. കേരളത്തിലെ എല്ലാ എയര്‍പോര്‍ട്ടുകളില്‍ നിന്നും സ്വന്തം വീട്ടിലേക്കോ, ഹോസ്പിറ്റലിലേക്കോ തികച്ചും സൗജന്യമായി ആംബുലന്‍സ് സൗകര്യം നല്‍കുന്നു എന്നതിനു പുറമേ, മൃതദേഹം സുരക്ഷിതമായി വെക്കുവാന്‍ ഫ്രീസര്‍ ബോക്‌സും ആവശ്യാനുസരണം നോര്‍ക്ക സൗജന്യമായി നല്‍കുന്നുണ്ട്. കൂടാതെ രോഗികള്‍ക്ക് സ്ട്രെര്‍ച്ചര്‍ അടക്കമുള്ള സേവനവും ആംബുലന്‍സില്‍ ലഭ്യമാക്കുന്നുണ്ട്.
പ്രസ്തുത സേവനത്തിനായി സമാജം വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത് (39449287), ചാരിറ്റി – നോര്‍ക്ക ജനറല്‍ കണ്‍വീനര്‍ കെ ടി സലിം (33750999), ആംബുലന്‍സ് സര്‍വീസ് ചുമതലയുള്ള സാനി പോള്‍ (39855197) എന്നിവരെ ബന്ധപ്പെടാവുന്നതാണ്. പ്രവാസി കമ്മീഷനഗം സുബൈര്‍ കണ്ണൂര്‍, ലോക കേരളസഭാഗം സി.വി. നാരായണന്‍, മറ്റ് സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരും ഇതുമായി സഹകരിച്ച് വിവരങ്ങള്‍ കൈമാറുന്നതിനും മറ്റും സഹായിച്ചുവരുന്നുവെന്നും കേരളീയ സമാജം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.